
കോടാംബക്കത്തെ രാഷ്ട്രീയ വഴിത്തിരിവ്
- നെല്ലിയോട്ട് ബഷീർ
തമിഴ്നാട്ടിന്റെ രാഷ്ട്രീയ ചരിത്രം പലപ്പോഴും സിനിമയുടെ തിരശ്ശീലകളിൽ നിന്ന് ഭരണത്തിന്റെ അരങ്ങിലേക്ക് കടന്നുപോയ നേതാക്കളുടെ കഥകളാൽ സമ്പന്നമാണ്. സി.എൻ. അണ്ണാദുരൈ മുതൽ എം.ജി.ആർ വരെയും,ജയലളിത മുതൽ കരുണാനിധി വരെയും ജനഹൃദയങ്ങളിൽ രാഷ്ട്രീയവും സിനിമയും പരസ്പരം ചേർന്നു നിൽക്കുന്ന ഒരു സാമൂഹിക യാഥാർഥ്യമാണ് തമിഴ്നാട് സൃഷ്ടിച്ചത്.ഇപ്പോൾ ആ ചരിത്രത്തിൽ മറ്റൊരു അധ്യായം കൂടി തുറക്കപ്പെടുകയാണ്. കോടാംബക്കത്തിന്റെ സൂപ്പർതാരമായിരുന്ന വിജയ്,ജനവിധിയുടെ കരുത്തിൽ തമിഴ്നാട്ടിന്റെ മുഖ്യമന്ത്രിപദത്തിലേക്ക് ഉയരുമ്പോൾ അത് ഒരു വ്യക്തിയുടെ രാഷ്ട്രീയ വിജയമാത്രമല്ല;ദ്രാവിഡ രാഷ്ട്രീയത്തിന്റെ ദീർഘകാല അധിപത്യത്തിന് മുന്നിൽ ഉയർന്ന പുതിയ സാമൂഹിക-രാഷ്ട്രീയ ചോദ്യമാണ്.
ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് ഒരു ഭരണപരമായ അധികാര കൈമാറ്റം മാത്രമായിരുന്നില്ല. തമിഴ്നാട്ടിലെ യുവജന മനസ്സുകളിൽ ഏറെ നാളായി രൂപംകൊണ്ടിരുന്ന രാഷ്ട്രീയ അസ്വസ്ഥതയുടെ ഔദ്യോഗിക പ്രഖ്യാപനവുമായാണ് മാറിയത്.ടിവികെ എന്ന പുതിയ പാർട്ടി രൂപീകരിച്ച് ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നത് സാധാരണ രാഷ്ട്രീയ സംഭവമല്ല.വർഷങ്ങളായി ഡി.എം.കെ-എ.ഐ.എ.ഡി.എം.കെ എന്ന ഇരട്ട ധ്രുവ രാഷ്ട്രീയത്തിൽ കുടുങ്ങിക്കിടന്ന തമിഴ്നാട് ജനത പുതിയൊരു മുഖത്തെ പരീക്ഷിക്കാൻ തയ്യാറായെന്നതിന്റെ തെളിവാണ് അത്.
മുഖ്യമന്ത്രിക്കൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പൊതുഭരണം, ആഭ്യന്തരം, പൊലീസ് വകുപ്പുകള്‍ വിജയ് നേരിട്ട് കൈകാര്യം ചെയ്യും. ടിവികെ ജനറല്‍ സെക്രട്ടറി എന്‍. ആനന്ദ്, ആദവ് അര്‍ജുന്‍, മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥനും പാര്‍ട്ടി ചീഫ് കോര്‍ഡിനേറ്ററുമായ കെ.എ. സെങ്കോട്ടയ്യന്‍, ട്രഷറര്‍ പി. വെങ്കട്ടരമണന്‍, ജനറല്‍ സെക്രട്ടറി നിര്‍മല്‍ കുമാര്‍, ഈറോഡ് എംഎല്‍എ രാജ്‌മോഹന്‍, ജില്ലാ സെക്രട്ടറി ഡോ. ടി.കെ. പ്രഭു, ശിവകാശി എംഎല്‍എ എസ്. കീര്‍ത്തന എന്നിവരും മന്ത്രിസഭയില്‍ ഇടം നേടി. കോണ്‍ഗ്രസില്‍നിന്ന് നിയമസഭാകക്ഷി നേതാവ് എസ്. രാജേഷ് കുമാറും പി. വിശ്വനാഥനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. 1967ന് ശേഷം ആദ്യമായാണ് തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് മന്ത്രിസഭയുടെ ഭാഗമാകുന്നത്.
കോൺഗ്രസ് ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരണം സാധ്യമായത് എന്നത് ഏറെ ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിൽ 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടി ടിവികെ ഏറ്റവും വലിയ പാർട്ടിയായെങ്കിലും കേവല ഭൂരിപക്ഷം നേടാനായില്ല.രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചതിനാൽ ഒരു സീറ്റ് ഒഴിയേണ്ടി വന്നതോടെ പാർട്ടിയുടെ അംഗസംഖ്യ 107 ആയി കുറഞ്ഞു. തുടർന്നുണ്ടായ രാഷ്ട്രീയ നാടകങ്ങൾക്കും ചർച്ചകളും കൂട്ടുകെട്ടുകളും തമിഴ്നാട് രാഷ്ട്രീയത്തെ വീണ്ടും ദേശീയ ശ്രദ്ധാകേന്ദ്രമാക്കി.
കോൺഗ്രസ് അഞ്ച് സീറ്റുകളുമായി പിന്തുണ പ്രഖ്യാപിച്ചതോടെ വിജയ് സർക്കാരിന് ശക്തി ലഭിച്ചു.പിന്നാലെ സിപിഐയും സിപിഐഎമ്മും പിന്തുണ അറിയിച്ചതോടെ ഭരണ രൂപീകരണത്തിനാവശ്യമായ സംഖ്യയ്ക്ക് അടുത്തെത്തി.എന്നാൽ ഗവർണർ കൂടുതൽ വ്യക്തമായ പിന്തുണ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടതോടെ രാഷ്ട്രീയ ചർച്ചകൾ കൂടുതൽ സജീവമായി. ഇതിനിടെയാണ് ഡി.എം.കെ സഖ്യകക്ഷിയായ വിസികെ വിജയ് പക്ഷത്തേക്ക് ചേക്കേറിയത്.പിന്നീട് മുസ്ലീം ലീഗും പിന്തുണ അറിയിച്ചതോടെ സർക്കാരിന്റെ ഭൂരിപക്ഷം ഉറപ്പായി.
ഈ രാഷ്ട്രീയ നീക്കങ്ങൾ തമിഴ്നാട്ടിലെ പരമ്പരാഗത ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ പുതിയ പ്രതിസന്ധിയെ വ്യക്തമാക്കുന്നു. ഒരിക്കൽ ദ്രാവിഡ പ്രസ്ഥാനങ്ങൾ സാമൂഹ്യ നീതിയുടെ,ഭാഷാ സ്വാഭിമാനത്തിന്റെ, ബ്രാഹ്മണാധിപത്യ വിരുദ്ധതയുടെ പ്രതീകങ്ങളായിരുന്നു. എന്നാൽ കാലക്രമേണ അധികാര കേന്ദ്രീകരണവും കുടുംബാധിപത്യവും അഴിമതി ആരോപണങ്ങളും രാഷ്ട്രീയത്തിൽ ജനങ്ങളുടെ വിശ്വാസത്തെ ബാധിച്ചു. കരുണാനിധിക്ക് ശേഷം സ്റ്റാലിൻ ഡി.എം.കെയെ നയിച്ചെങ്കിലും പഴയ ആവേശം ജനങ്ങളിൽ നിലനിർത്താൻ പാർട്ടിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. എ.ഐ.എ.ഡി.എം.കെ ജയലളിതയുടെ മരണത്തിന് ശേഷം നേതൃത്വ പ്രതിസന്ധിയിൽ കുടുങ്ങി.ഈ രാഷ്ട്രീയ ശൂന്യതയിലാണ് വിജയ് പ്രവേശിച്ചത്.
വിജയ്‌യുടെ രാഷ്ട്രീയ വളർച്ച അതിവേഗമായിരുന്നുവെങ്കിലും അത് പൂർണമായും അപ്രതീക്ഷിതമല്ല. വർഷങ്ങളായി അദ്ദേഹത്തിന്റെ സിനിമകൾ സാമൂഹിക സന്ദേശങ്ങൾ നിറഞ്ഞ രാഷ്ട്രീയ ഉപമകളിലൂടെ ജനങ്ങളിലേക്ക് എത്തിയിരുന്നു. അഴിമതിക്കെതിരെ സംസാരിക്കുന്ന നായകൻ, വിദ്യാർത്ഥി-യുവജന ശബ്ദമായി ഉയരുന്ന കഥാപാത്രം,ഭരണകൂട അനീതിക്കെതിരെ പൊരുതുന്ന സാധാരണക്കാരൻ,വിജയ് അഭിനയിച്ച കഥാപാത്രങ്ങൾ രാഷ്ട്രീയ ചിഹ്നങ്ങളായി മാറിയിരുന്നു.ആരാധക സംഘടനകളെ സേവന പ്രവർത്തനങ്ങളിലൂടെ സജീവമാക്കിയതും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് അടിത്തറയൊരുക്കി.
തമിഴ്നാട്ടിൽ സിനിമാതാരങ്ങൾക്ക് രാഷ്ട്രീയത്തിൽ സ്വീകാര്യത ലഭിക്കുന്നത് പുതുമയല്ല.എന്നാൽ വിജയ്‌യുടെ ഉയർച്ചയെ വേറിട്ടതാക്കുന്നത് അദ്ദേഹത്തിന്റെ തലമുറയാണ്. എം.ജി.ആർ ജനകീയ ക്ഷേമരാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നുവെങ്കിൽ ജയലളിത കരുത്തുറ്റ അധികാരനേതൃത്വത്തിന്റെ ചിഹ്നമായിരുന്നു. വിജയ് എത്തുന്നത് ഡിജിറ്റൽ തലമുറയുടെ രാഷ്ട്രീയ ആവശ്യങ്ങളോടെയാണ്. തൊഴിലില്ലായ്മ, വിദ്യാഭ്യാസ പ്രതിസന്ധി, സാമൂഹിക അസമത്വം, ഭാഷാ-സംസ്ഥാന അവകാശങ്ങൾ, കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ എന്നിവയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രചാരണത്തിന്റെ മുഖ്യ വിഷയങ്ങൾ.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിജയ് ഏറ്റവും ശക്തമായി ഉപയോഗിച്ചത് യുവജനങ്ങളുടെ നിരാശയായിരുന്നു. എഞ്ചിനീയറിംഗ്,ഐടി, മെഡിക്കൽ മേഖലകളിൽ വലിയ വിദ്യാഭ്യാസ പുരോഗതി കൈവരിച്ച തമിഴ്നാട് ഇന്ന് തൊഴിൽ പ്രതിസന്ധിയെയും കുടിയേറ്റ സമ്മർദ്ദത്തെയും നേരിടുകയാണ്.നിരവധി യുവാക്കൾ വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും തൊഴിൽ തേടി പോകുന്ന സാഹചര്യം നിലവിലുണ്ട്. ഈ യാഥാർഥ്യത്തെ രാഷ്ട്രീയ ചർച്ചയാക്കി മാറ്റുന്നതിൽ വിജയ് വിജയിച്ചു.
അതേസമയം തമിഴ് സ്വാഭിമാന രാഷ്ട്രീയത്തെയും അദ്ദേഹം പുതിയ രീതിയിൽ അവതരിപ്പിച്ചു. ഹിന്ദി നിർബന്ധനത്തിനെതിരായ നിലപാട്,കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളോടുള്ള വിമർശനം, സംസ്ഥാനാവകാശ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം ശക്തമായ ഭാഷയാണ് ഉപയോഗിച്ചത്.എന്നാൽ പഴയ ദ്രാവിഡ രാഷ്ട്രീയത്തെപ്പോലെ കടുത്ത ആശയപ്രചാരണത്തിലേക്ക് അദ്ദേഹം നീങ്ങിയില്ല. പകരം “തമിഴ് അഭിമാനം + വികസനം + യുവജന രാഷ്ട്രീയം” എന്ന പുതിയ സമവാക്യമാണ് അവതരിപ്പിച്ചത്.
വിജയ്‌യുടെ വിജയം ദേശീയ രാഷ്ട്രീയത്തിലും വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നുണ്ട്. ദക്ഷിണേന്ത്യയിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാൻ ശ്രമിക്കുന്ന ദേശീയ പാർട്ടികൾക്ക് തമിഴ്നാട്ടിൽ വീണ്ടും പുതിയ രാഷ്ട്രീയ ഗണിതം രൂപപ്പെടുകയാണ്. കോൺഗ്രസ് വിജയ് സർക്കാരിനെ പിന്തുണച്ചത് ബി.ജെ.പി വിരുദ്ധ ദേശീയ ഐക്യത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. ഇടതുപക്ഷ പാർട്ടികളുടെ പിന്തുണയും അതേ രാഷ്ട്രീയ സന്ദേശം തന്നെയാണ് നൽകുന്നത്. കേന്ദ്ര സർക്കാരുമായി വിജയ് എങ്ങനെയൊരു ബന്ധം പുലർത്തും എന്നത് വരാനിരിക്കുന്ന ദിവസങ്ങളിലെ പ്രധാന രാഷ്ട്രീയ ചർച്ചയായിരിക്കും.
അതേസമയം ഡി.എം.കെയ്ക്ക് ഇത് ഒരു മുന്നറിയിപ്പാണ്. പതിറ്റാണ്ടുകളായി തമിഴ്നാട് രാഷ്ട്രീയത്തിന്റെ പ്രധാന ശക്തിയായിരുന്ന പാർട്ടിക്ക് ജനങ്ങളുടെ വികാരമാറ്റം തിരിച്ചറിയാൻ സാധിച്ചില്ലെന്ന വിമർശനം ഉയരുന്നുണ്ട്.സ്റ്റാലിന്റെ നേതൃത്വത്തിൽ ഭരണപരമായ സ്ഥിരത നിലനിന്നിരുന്നുവെങ്കിലും ജനങ്ങളിൽ പുതിയ പ്രതീക്ഷ സൃഷ്ടിക്കാൻ കഴിഞ്ഞില്ല. കുടുംബാധിപത്യ വിമർശനവും അധികാര അകലം അനുഭവപ്പെട്ടതും പാർട്ടിക്ക് തിരിച്ചടിയായി. വിസികെ പോലുള്ള സഖ്യകക്ഷികൾ പോലും വിജയ് പക്ഷത്തേക്ക് നീങ്ങിയതോടെ ഡി.എം.കെ സഖ്യരാഷ്ട്രീയത്തിനും തിരിച്ചടിയേറ്റു.
എ.ഐ.എ.ഡി.എം.കെയുടെ അവസ്ഥ ഇതിലും സങ്കീർണമാണ്. ജയലളിതയുടെ മരണത്തിന് ശേഷം ശക്തമായ നേതൃത്വത്തിന്റെ അഭാവം പാർട്ടിയെ ക്ഷയിപ്പിച്ചു. വിഭാഗീയതയും ബി.ജെ.പി ബന്ധത്തെ ചുറ്റിപ്പറ്റിയ വിവാദങ്ങളും പാർട്ടിയുടെ ജനപിന്തുണ കുറച്ചു. ഒരിക്കൽ തമിഴ്നാട്ടിലെ ഗ്രാമീണ വോട്ടർമാരെ ശക്തമായി സ്വാധീനിച്ചിരുന്ന പാർട്ടി ഇന്ന് രാഷ്ട്രീയ പുനരുജ്ജീവനത്തിനായുള്ള പോരാട്ടത്തിലാണ്.ഈ സാഹചര്യത്തിലാണ് വിജയ് പുതിയ പ്രതിപക്ഷ-ഭരണ വികല്പമായി മാറിയത്.
വിജയ്‌യുടെ മുന്നിലുള്ള വെല്ലുവിളികളും ചെറുതല്ല.സിനിമയിലെ ജനപ്രീതി ഭരണത്തിലെ വിജയമായി മാറണമെന്നില്ല. എം.ജി.ആറും ജയലളിതയും ഭരണനൈപുണ്യം തെളിയിച്ച നേതാക്കളായിരുന്നുവെങ്കിലും അവർക്ക് പിന്നിൽ ശക്തമായ രാഷ്ട്രീയ ഘടനയും അനുഭവസമ്പത്തുമുണ്ടായിരുന്നു.വിജയ്‌യുടെ പാർട്ടി ഇപ്പോഴും നവാഗതരാണ് നിറഞ്ഞ ഒരു രാഷ്ട്രീയ സംഘടനയാണ്. ഭരണപരമായ സ്ഥിരത ഉറപ്പാക്കുക, സഖ്യകക്ഷികളെ ഒരുമിച്ച് നിർത്തുക, നിയമസഭയിൽ ഭൂരിപക്ഷം നിലനിർത്തുക എന്നിവ വലിയ വെല്ലുവിളികളായിരിക്കും.
ബുധനാഴ്ച നടക്കുന്ന വിശ്വാസവോട്ടെടുപ്പ് അതുകൊണ്ടുതന്നെ ഏറെ നിർണായകമാണ്. വിജയ് സർക്കാരിന്റെ ആദ്യ രാഷ്ട്രീയ പരീക്ഷണമായി അതിനെ കാണാം. സഖ്യകക്ഷികൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ നിയന്ത്രിക്കാനും ഭരണപരമായ ആത്മവിശ്വാസം പ്രകടിപ്പിക്കാനും അദ്ദേഹത്തിന് സാധിക്കണം.പ്രത്യേകിച്ച് കോൺഗ്രസ്, ഇടതുപക്ഷം, വിസികെ, മുസ്ലീം ലീഗ് തുടങ്ങിയ വിവിധ ആശയധാരകളുള്ള കക്ഷികളെ ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്നത് അത്ര എളുപ്പമാകില്ല.
തമിഴ്നാട്ടിന്റെ സാമ്പത്തിക സാഹചര്യവും പുതിയ സർക്കാരിനെ കാത്തിരിക്കുന്ന പ്രധാന വിഷയമാണ്. ക്ഷേമപദ്ധതികൾക്കായി വലിയ ചെലവ് വഹിക്കുന്ന സംസ്ഥാനത്തിന് കടബാധ്യതയും സാമ്പത്തിക സമ്മർദ്ദവും ഉയരുന്നുണ്ട്.വ്യവസായ നിക്ഷേപം വർധിപ്പിക്കൽ, ഐടി-മാനുഫാക്ചറിംഗ് മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ,കാർഷിക മേഖല പുനരുജ്ജീവിപ്പിക്കൽ എന്നിവയിൽ വിജയ് സർക്കാരിന് വ്യക്തമായ നയങ്ങൾ അവതരിപ്പിക്കേണ്ടിവരും. ജനപ്രിയ പ്രഖ്യാപനങ്ങൾ മാത്രം മതിയാകാത്ത ഒരു ഘട്ടമാണിത്.
സാമൂഹിക തലത്തിലും വിജയ്‌യുടെ രാഷ്ട്രീയ ഉയർച്ചക്ക് പ്രത്യേക പ്രസക്തിയുണ്ട്. തമിഴ്നാട്ടിലെ യുവജനങ്ങൾ പരമ്പരാഗത രാഷ്ട്രീയ കുടുംബങ്ങളോട് പ്രകടിപ്പിക്കുന്ന അസ്വസ്ഥതയുടെ പ്രതിഫലനമാണ് ഇത്. സോഷ്യൽ മീഡിയ തലമുറ രാഷ്ട്രീയത്തിൽ പുതിയ ഭാഷയും പുതിയ മുഖങ്ങളും ആവശ്യപ്പെടുന്നു.വിജയ് ആ വികാരത്തെ വിജയകരമായി രാഷ്ട്രീയത്തിലേക്ക് മാറ്റിയ നേതാവായി മാറിയിരിക്കുകയാണ്. സിനിമയിലെ ആരാധക സമൂഹത്തെ വോട്ട്ബാങ്കാക്കി മാറ്റാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയ പഠനവിഷയമാകാനിടയുണ്ട്.
എന്നാൽ ജനപ്രീതിയും ഭരണവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. സിനിമയിൽ രണ്ടര മണിക്കൂറിൽ തീരുന്ന പ്രശ്നങ്ങൾ യഥാർത്ഥ രാഷ്ട്രീയത്തിൽ വർഷങ്ങളെടുത്ത് മാത്രമേ പരിഹരിക്കാൻ കഴിയൂ.ജനങ്ങളുടെ പ്രതീക്ഷ ഉയർന്നിരിക്കുന്നതിനാൽ ചെറിയ വീഴ്ചകൾ പോലും വലിയ വിമർശനങ്ങൾക്ക് വഴിവെക്കും.പ്രത്യേകിച്ച് സോഷ്യൽ മീഡിയയുടെ അതിവേഗ രാഷ്ട്രീയ കാലഘട്ടത്തിൽ സർക്കാർ ഓരോ തീരുമാനവും കടുത്ത നിരീക്ഷണത്തിനിടയിലാകും.
വിജയ്‌യുടെ വ്യക്തിപരമായ രാഷ്ട്രീയ ശൈലിയും ഇനി കൂടുതൽ ശ്രദ്ധിക്കപ്പെടും.ഇതുവരെ അദ്ദേഹം നിയന്ത്രിതമായ പ്രസംഗങ്ങളുടെയും സൂക്ഷ്മ രാഷ്ട്രീയ സന്ദേശങ്ങളുടെയും നേതാവായിരുന്നു. എന്നാൽ മുഖ്യമന്ത്രിയായതോടെ ഭരണപരമായ വ്യക്തതയും വേഗത്തിലുള്ള തീരുമാനങ്ങളും ആവശ്യമായി വരും. ജനങ്ങളുടെ വികാരങ്ങളെ സ്വാധീനിക്കുന്ന സിനിമാ ഡയലോഗുകൾക്ക് പകരം യാഥാർത്ഥ്യപരമായ ഭരണനിർണ്ണയങ്ങളാണ് ഇനി അദ്ദേഹത്തെ വിലയിരുത്താനുള്ള മാനദണ്ഡം.
തമിഴ്നാട് രാഷ്ട്രീയം എന്നും ദേശീയ രാഷ്ട്രീയത്തിന് വഴികാട്ടിയായിട്ടുണ്ട്. ഭാഷാ സമരങ്ങളിൽ നിന്ന് സാമൂഹ്യനീതിവരെ നിരവധി രാഷ്ട്രീയ ആശയങ്ങൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിച്ച സംസ്ഥാനമാണത്. ഇപ്പോൾ വിജയ്‌യുടെ നേതൃത്വത്തിൽ രൂപംകൊള്ളുന്ന പുതിയ രാഷ്ട്രീയ തരംഗം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും സിനിമാ-ജനപ്രീതി രാഷ്ട്രീയത്തിന്റെ പുതിയ മാതൃകകൾക്ക് വഴിയൊരുക്കുമോ എന്ന ചർച്ച ഉയരുന്നുണ്ട്. പ്രത്യേകിച്ച് യുവജനങ്ങളെ കേന്ദ്രീകരിച്ച രാഷ്ട്രീയ പ്രചാരണവും ഡിജിറ്റൽ പൊതുജനാഭിപ്രായ നിർമ്മിതിയും ദേശീയ പാർട്ടികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്ന വിഷയങ്ങളായി മാറും.
കോടാംബക്കത്തിന്റെ വെള്ളിത്തിരയിൽ നിന്ന് സെക്രട്ടേറിയറ്റിന്റെ അധികാരപടവുകളിലേക്ക് നടന്നെത്തിയ വിജയ്‌യുടെ യാത്ര അതിനാൽ ഒരു വ്യക്തിയുടെ വിജയകഥ മാത്രമല്ല.അത് തമിഴ്നാട്ടിലെ രാഷ്ട്രീയ മനോഭാവമാറ്റത്തിന്റെ കഥയാണ്.ദ്രാവിഡ രാഷ്ട്രീയത്തിന്റെ പാരമ്പര്യവും പുതിയ തലമുറയുടെ പ്രതീക്ഷകളും തമ്മിൽ പാലം പണിയാൻ കഴിയുമോ എന്ന ചോദ്യത്തിനുള്ള പരീക്ഷണവുമാണ്. ജനങ്ങളുടെ ആവേശം ഭരണത്തിലെ വിശ്വാസമായി മാറുമോ, അതോ സിനിമാ രാഷ്ട്രീയത്തിന്റെ മറ്റൊരു താൽക്കാലിക അധ്യായമായി അവസാനിക്കുമോ എന്നത് വരാനിരിക്കുന്ന വർഷങ്ങളാണ് തീരുമാനിക്കുക.
എന്നാൽ ഒരു കാര്യം വ്യക്തമാണ്. തമിഴ്നാട്ടിന്റെ രാഷ്ട്രീയം ഇനി പഴയതുപോലെ ആയിരിക്കില്ല. കോടാംബക്കത്തിന്റെ ക്യാമറ ലൈറ്റുകളിൽ ജനിച്ച ഒരു രാഷ്ട്രീയ സ്വപ്നം ഇന്ന് ഭരണത്തിന്റെ യാഥാർത്ഥ്യത്തിലേക്ക് കടക്കുകയാണ്.ആ യാത്രയുടെ വിജയപരാജയങ്ങൾ ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുമെന്നതിൽ സംശയമില്ല.
