
കോമത്തുകരയിൽ മൂന്ന് വീടുകൾ മണ്ണിടിച്ചിൽ ഭീഷണിയിൽ
- മണ്ണിടിച്ചിൽ ഭീഷണിയിലുള്ള വീടുകളിലാെന്ന്
കൊയിലാണ്ടി: ദേശീയപാത വികസനത്തിൻ്റെ ഭാഗമായുള്ള കൊയിലാണ്ടി ബൈപ്പാസ് നിർമ്മാണം പുരോഗമിക്കുമ്പാേൾ വീട് തകരുമെന്ന ഭീതിയിലാണ് ഏതാനും വീട്ടുകാർ. നിർമ്മാണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ മുപ്പതാം വാർഡിലെ കോമത്തുകരയിൽ മണ്ണെടുത്തപ്പാേൾ മൂന്ന് കുടുംബങ്ങളാണ് മുനമ്പിന് മുകളിലായത്. ഇവിടെ റാേഡ് നിർമ്മാണത്തിൻ്റെ ഭാഗമായി നിരവധി കുടുംബങ്ങൾ കുടിയിറക്കപ്പെട്ടിരുന്നു. നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കാത്ത കോമത്തുകര കിഴക്കെ പുത്തൻ വളപ്പിൽ സുരേന്ദ്രൻ, ആവണിയിൽ പത്മിനി, ചരപറമ്പിൽ ലക്ഷ്മി എന്നിവരുടെ കുടുംബമാണ് ഇവിടെ താമസിക്കുന്നത്. റാേഡിനായി മണ്ണെടുത്ത് മാറ്റിയ പ്പോൾ ഇവരുടെസ്ഥലം വളരെ ഉയരമുള്ള മുനമ്പിൻ്റെ മുകളിലായി മാറിയിരിക്കുകയാണ്.
മഴ ആരംഭിച്ചതോടെ കുന്ന് ഇടിഞ്ഞു കൊണ്ടിരിക്കുകയുമാണ്. ഏതു സമയത്തും മണ്ണിടിഞ്ഞ് വീട് നിലം പതിക്കാൻ സാദ്ധ്യതയുണ്ടെന്ന ഭയത്തിലാണ് ഇവർ കഴിയുന്നത്. ഹൈവേയുടെ പടിഞ്ഞാറു ഭാഗത്തുകൂടിയുള്ള സർവ്വീസ് റോഡിൻ്റെ പണി ആരംഭിച്ചാൽ ഉയർന്ന മതിൽ തകർന്നു വീഴുമെന്ന സ്ഥിതിയുമാണ്. ദേശീയപാത നിർമ്മാണ വിഭാഗവും ജില്ലാ ഭരണകൂടവും അടിയന്തിരമായി ഇടപെട്ട് വീട്ടുകാരുടെ പ്രശ്നത്തിന് പരിഹാരം കാണെണമെന്നാണ് ഇവരുടെ ആവശ്യം. വീടിൻ്റെ അപകടാവസ്ഥ കണക്കിലെടുത്ത് ആവണിയിൽ പത്മിനി വടക്കെ കോമത്തുകര മകളുടെ വീട്ടിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. മതിയായ പ്രതിഫലം നൽകി ഇവരുടെ സ്ഥലം ഏറ്റെടുക്കുകയോ സംരക്ഷണ ഭിത്തി നിർമ്മിച്ച് കുടുംബങ്ങളെ സുരക്ഷിതമാക്കുകയാേ ചെയ്യണമെന്ന് 30-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിക്കു വേണ്ടി കെ.കെ. ദാമോദരൻ, ശിവദം സുധാകരൻ, എള്ളു വീട്ടിൽ രാജൻ, മുണ്ടക്കുനി ബാബുരാജ് എന്നിവർ ആവശ്യപ്പെട്ടു.