
കോഴിക്കോട്-കൊല്ലഗൽ ദേശീയപാതക്ക് 30 മീറ്റർ വീതി
- പദ്ധതിക്കായി കൂടുതൽ ഭൂമി ഏറ്റെടുക്കും
കല്പറ്റ: മലാപ്പറമ്പുമുതൽ മുത്തങ്ങവരെ കോഴിക്കോട്-കൊല്ലഗൽ ദേശീയപാത 30 മീറ്റർ വീതികൂട്ടും. ഇതിന് പുതിയ ഡിപിആർ തയ്യാറാക്കാനായി എൽ ആൻഡ് ടിയെ ചുമതലപ്പെടുത്തി. 24 മീറ്റർ വീതിയിലായിരുന്നു വികസിപ്പിക്കാൻ നേരത്തേ തീരുമാനിച്ചത്. ദേശീയപാതാ അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് 30 മീറ്ററാക്കാൻ തീരുമാനിച്ചത്.

പദ്ധതിക്കായി കൂടുതൽ ഭൂമിയേറ്റെടുക്കേണ്ടിവരും. ടൗണുകൾ കുടിയൊഴിപ്പിക്കുന്നത് ശാശ്വതമല്ലാത്തതിനാൽ മീനങ്ങാടി, ബത്തേരി എന്നിവിടങ്ങളിൽ ബൈപ്പാസുകൾ നിർമിക്കും. കല്പറ്റ ടൗൺ ഒഴിവാക്കി ബൈപ്പാസ് 30 മീറ്ററിൽ വീതികൂട്ടാനാണ് തീരുമാനം. കല്പറ്റമുതൽ ബത്തേരി വരെ ആറ് ചെറിയപാലങ്ങൾ നിർമിക്കും. കല്പറ്റ ബൈപ്പാസി ന്റെ തുടക്കത്തിലും കൈനാട്ടി ജങ്ഷനിലുമായി പുതിയ രണ്ടുമേൽപ്പാലങ്ങൾ വരും.
ഇതിനിടയിൽ വരുന്ന വയനാട് ചുരംപാതയുടെ കാര്യത്തിൽ വ്യക്തതയില്ല. ചുരം നാലുവരിപ്പാതയാക്കുമ്പോൾ വനഭൂമി ഏറ്റെടുക്കേണ്ടിവരും. നിലവിൽ മൂന്നുവളവുകൾ നി വർത്താൻ സംസ്ഥാന പൊതുമരാമത്തുവകുപ്പ് വനംവകുപ്പിൽ നിന്ന് ഭൂമി വിലകൊടുത്ത് വാങ്ങിയിട്ടുണ്ട്.