കോഴിക്കോട് തുടങ്ങി വയനാട്ടിൽ അവസാനിക്കുന്ന തുരങ്കപ്പാത;22 കിലോമീറ്റർ ദൂരം കുറയും

കോഴിക്കോട് തുടങ്ങി വയനാട്ടിൽ അവസാനിക്കുന്ന തുരങ്കപ്പാത;22 കിലോമീറ്റർ ദൂരം കുറയും

  • മലപ്പുറത്തു നിന്നും കോഴിക്കോട് നിന്നും കർണാടകയിലേക്കുള്ള ദൈർഘ്യം ഗണ്യമായി കുറയ്ക്കാൻ പറ്റുന്ന പദ്ധതിയാണിത്.

കോഴിക്കോട്:തിരുവമ്പാടി ആനക്കാംപൊയിൽ -കള്ളാടി- മേപ്പാടി തുരങ്കപ്പാതയ്ക്ക് ഉടൻ കേന്ദ്രത്തിന്റെ അന്തിമാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ മലയോര ജനത. കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം തുരങ്കപ്പാതയുടെ അന്തിമാനുമതിക്ക് കുടുതൽ വിശദീകരണം തേടിയെങ്കിലും അതെല്ലാം സമയബന്ധിതമായി നൽകി അനുമതി നേടാമെന്ന നിലപാടിലാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്. ദിലിപ് ബിൽഡ് കോൺ കമ്പനി നിർമാണം ആരംഭിക്കാനിരിക്കെയാണു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കൂടുതൽ വിശദീകരണം തേടിയത്.ആനക്കാംപൊയിലിൽനിന്നു മേപ്പാടിയിൽ എത്തുന്ന തുരങ്കപ്പാത മലയോര മേഖലയുടെ വികസന കുതിപ്പിനു കാരണമാകും.

മലപ്പുറത്തു നിന്നും കോഴിക്കോട് നിന്നും കർണാടകയിലേക്കുള്ള ദൈർഘ്യം ഗണ്യമായി കുറയ്ക്കാൻ പറ്റുന്ന പദ്ധതിയാണിത്. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചില പരിസ്‌ഥിതി സംഘടനകൾ തുരങ്കപ്പാത പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു രംഗത്ത് വന്നെങ്കിലും ഭരണ, പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി തുരങ്കപ്പാതയ്ക്കു നിലകൊണ്ടു.

കുടിയേറ്റ മേഖലയിലെ ജനവികാരം തുരങ്കപ്പാതയ്ക്ക് ഒപ്പമാണ്. ഇതിനായി കോഴിക്കോട്, വയനാട് ജില്ലകളിലെ മുഴുവൻ ഭൂമിയും കഴിഞ്ഞ വർഷം ഏറ്റെടുത്തു നഷ്ടപരിഹാരത്തുക നൽകി. ആയിരക്കണക്കിനു കർഷക കുടുംബങ്ങൾ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പദ്ധതി സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയതോടെയാണു ജീവൻ വച്ചത്.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ചോദിച്ച വിവരങ്ങൾ ഒരാഴ്‌ചയ്ക്കകം സംസ്‌ഥാന സർക്കാർ നൽകും. അന്തിമാനുമതി ലഭിക്കാൻ മറ്റ് തടസ്സങ്ങളില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )