
ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിരോധിച്ച് തമിഴ്നാട് ദേവസ്വം വകുപ്പ്
- സെപ്റ്റംബർ ഒന്നുമുതൽ ഇതു നടപ്പിലാകും
ചെന്നൈ: റീൽസ് ചിത്രീകരണം നിയന്ത്രിക്കുക ലക്ഷ്യമിട്ട് സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിരോധിച്ച് തമിഴ്നാട് ദേവസ്വം വകുപ്പ്. വിഐപി സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താനും ദേവസ്വം വകുപ്പ് ഉത്തരവിട്ടു. സെപ്റ്റംബർ ഒന്നുമുതൽ ഇതു നടപ്പിലാകും.ക്ഷേത്രത്തിന് അകത്ത് ഫോട്ടോ എടുക്കാനോ, ദേവതകളുടെ വീഡിയോ ചിത്രീകരിക്കാനോ, ക്ഷേത്ര പരിസരത്ത് റീൽസോ മറ്റു ചിത്രീകരണമോ അനുവദിക്കില്ല. വിഐപികളോ സിനിമാ താരങ്ങളോ ആരു വന്നാലും ഫോട്ടോയെ വീഡിയോയോ എടുക്കാൻ അനുവാദം ഉണ്ടായിരിക്കുന്നതല്ലെന്നും ഉത്തരവിൽ പറയുന്നു.

ഭക്തർക്ക് മൊബൈൽ ഫോണുകൾ സൂക്ഷിക്കാൻ ക്ലോക്ക് റൂം സൗകര്യം ക്ഷേത്ര പ്രവേശന കവാടത്തിൽ സജ്ജമാക്കും. ഒരു ഫോണിന് അഞ്ചു രൂപ ചാർജ് ഈടാക്കും. ഇതിന് ഇന്റഗ്രേറ്റഡ് ടെപിൾ മാനേജ്മെന്റ് സിസ്റ്റം വഴി രസീത് നിർബന്ധമായും നൽകിയിരിക്കണം. ഫോൺ സൂക്ഷിക്കുന്ന സ്ഥലങ്ങളിൽ സിസിടിവി കാമറകൾ സ്ഥാപിക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.ക്ഷേത്ര വളപ്പിലും പ്രവേശന കവാടങ്ങളിലും മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ബോർഡുകൾ ക്ഷേത്ര അധികാരികൾ സ്ഥാപിക്കണം. കൂടാതെ, മൈക്കിലൂടെയും ഇക്കാര്യം അറിയിക്കണം.
വിഐപി സന്ദർശനത്തെക്കുറിച്ച് ഒരു ദിവസം മുമ്പെങ്കിലും കമ്മീഷണറെ വിവരം അറിയിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് 2022 ഡിസംബർ 2-ന് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം വകുപ്പിൻ്റെ സർക്കുലർ.
