ഗുരു ചേമഞ്ചേരി പുരസ്കാര   സമർപ്പണം ജൂലായ് 16ന്

ഗുരു ചേമഞ്ചേരി പുരസ്കാര സമർപ്പണം ജൂലായ് 16ന്

  • കൊയിലാണ്ടി നഗരസഭാ ടൗൺഹാളിൽ ഒരുക്കുന്ന സാംസ്കാരിക സദസ്സിൽ പുരസ്കാരം സമർപ്പിക്കും

കൊയിലാണ്ടി: ഗുരു ചേമഞ്ചേരി പുരസ്കാര സമർപ്പണം ജൂലായ് 16 ന് നടക്കും. ചെണ്ടവാദന രംഗത്തെ നിറസാന്നിധ്യം പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക് ഗോവാ ഗവർണ്ണർ പി. എസ്. ശ്രീധരൻ പിള്ള പുരസ്കാരം സമർപ്പിക്കും.

മലബാറിന്റെ കലാപാരമ്പര്യത്തിന്റെ അടയാളമാണ് പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ. 2021 മാർച്ച് 15നാണ് കലാലോകത്തോട് ഗുരു വിടപറഞ്ഞത്. കഥകളിയോടൊപ്പം മറ്റു കലാരൂപങ്ങളുടെയും സമഗ്ര പുരോഗതിക്ക് തന്റെ ജീവിതമത്രയും ഉഴിഞ്ഞു വച്ച സമ്പൂർണ്ണ കലാകാരനായിരുന്നു ഗുരു ചേമഞ്ചേരി. നൂറ്റി അഞ്ചാം വയസ്സിൽ മരണപ്പെടുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പുവരെ ഗുരു അരങ്ങിലെ നിറ സാന്നിധ്യമായിരുന്നു. ചേലിയ കഥകളി വിദ്യാലയം, പൂക്കാട് കലാലയം ഉൾപ്പടെ നിരവധി കലാസ്ഥാപനങ്ങൾക്ക് തുടക്കമിട്ടതും ഗുരുവായിരുന്നു. ഗുരുവിന്റെ നിത്യസ്മരണക്കായി അദ്ദേഹം സ്ഥാപിച്ചു വളർത്തിയ കഥകളി വിദ്യാലയം ഏർപ്പെടുത്തിയ കലാ പുരസ്കാരമാണ് ഗുരു ചേമഞ്ചേരി പുരസ്കാരം.

കഥകളിയുടെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവർക്ക് നല്കുന്നതിനായാണ് ഗുരു ചേമഞ്ചേരി പുരസ്കാരം ഏർപ്പെടുത്തിയത്. ഇത്തവണ ചെണ്ട വാദന രംഗത്തെ പ്രമുഖനായ കലാകാരന് പുരസ്കാരം നല്കാനാണ് ജൂറി അംഗങ്ങൾ തീരുമാനിച്ചത്. ഡോക്ടർ ഒ. വാസവൻ, കലാമണ്ഡലം ഉണ്ണികൃഷ്ണൻ, ശിവദാസ് ചേമഞ്ചേരി എന്നിവർ അംഗങ്ങളായ ജൂറിയാണ് പുരസ്കാര ജേതാവായി പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരെ തെരഞ്ഞെടുത്തത് . താളവാദ്യകലയിലെ സവിശേഷ സാന്നിധ്യമായ മട്ടന്നൂരിന് കൊയിലാണ്ടി നഗരസഭാ ടൗൺഹാളിൽ ഒരുക്കുന്ന സാംസ്കാരിക സദസ്സിൽ പുരസ്കാരം സമർപ്പിക്കും.

ചടങ്ങിൽ കാനത്തിൽ ജമീല -എംഎൽഎ, കൊയിലാണ്ടി മുനിസിപ്പൽ ചെയർ പേഴ്സൺ സുധ കിടക്കെപ്പാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്. ഷീബ മലയിൽ തുടങ്ങി കലാ സംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് വൈവിധ്യമാർന്ന കലാപരിപാടികൾ നടക്കും. മലബാറിലെ അമ്പത് പ്രശസ്ത തായമ്പക കലാകാരന്മാർ ഒരു വേദിയിൽ അണിചേരുന്ന സവിശേഷമായ തായമ്പക വാദനം, തായമ്പകോപദ, അഷ്ടപദിയാട്ടം, കൃഷ്ണാമൃതം – നൃത്ത,സംഗീത ശില്പം, എന്നീ പരിപാടികൾ പുരസ്കാര വേദിയിൽ അരങ്ങേറും.
ചേലിയ കഥകളി വിദ്യാലയം ഡോ :എൻ. വി സദാനന്ദൻ-പ്രസിഡണ്ട്,
സന്തോഷ് സത്ഗമയ- സെകട്ടറി, വിജയ രാഘവൻ ചേലിയ- വൈസ് പ്രസിഡണ്ട്,
ടി. നിരായണൻ, നിർവ്വാഹക സമിതി അംഗം സുധീഷ് നന്മ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )