
ചങ്ങരോത്ത് മഞ്ഞപ്പിത്തരോഗികൾ 300 ലേക്ക്
- രോഗം പിടിപെട്ടത് ഭൂരിഭാഗവും വിദ്യാർഥികൾക്ക്
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിൽ മുന്നൂറോളം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. രോഗം പടരുന്ന സാഹചര്യത്തിൽ എല്ലാ വാർഡുകളിലും ആരോഗ്യവിഭാഗം സർവേ നടത്തി.വടക്കുമ്പാട് എച്ച്എസ്എസിലെ വിദ്യാർഥികളാണ് രോഗം സ്ഥിതീകരിച്ചവരിൽ ഭൂരിഭാഗവും. ചിലർ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗം ബാധിക്കുന്നവരുടെ എണ്ണം ദിവസേന കൂടുന്നത് ആശങ്കയുണ്ടാക്കുന്നു. രോഗബാധിതർ കൂടുതലുണ്ടോ എന്ന് പരിശോധിക്കാനാണ് സർവേ നടത്തിയത്. പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ മറ്റ് പഞ്ചായത്തുകളിൽ നിന്നുള്ള ഹെൽത്ത് ഇൻസ്പെക്ടർ, ജെഎച്ച്ഐ, ജെപിഎച്ച്എൻ ഉദ്യോഗസ്ഥരും ആശാ പ്രവർത്തകരും ജനപ്രതിനിധികളുമടക്കം 200-ഓളം പേർ സർവേയിൽ പങ്കെടുത്തു. 1816 വീടുകളിൽ 64 സ്ക്വാഡുകളാണ് സർവേക്കെത്തിയത്.രോഗബാധ വ്യാപകമായ സാഹചര്യത്തിൽ ഓണാവധി കഴിഞ്ഞ് സ്കൂൾ പ്രവർത്തനം തുടങ്ങിയിട്ടില്ല. ഇതു സംബന്ധിച്ച് ചർച്ചചെയ്യാൻ പിടിഎ യോഗങ്ങൾ നടക്കുന്നു.
ചങ്ങരോത്ത് പഞ്ചായത്തിലെ 19 വാർഡുകളിൽ ആറാം വാർഡിലൊഴികെ എല്ലാ വാർഡിലും മഞ്ഞപ്പിത്തം രോഗം ബാധിച്ചവരുണ്ട്. രോഗത്തിൻ്റെ ഉറവിടം കൃത്യമായി ഇനിയും കണ്ടെത്താനായിട്ടില്ലെന്നതും ആശങ്കയുണ്ടാക്കുന്നു.