
ചരിത്രം പായൽമൂടി താഴങ്ങാടി പള്ളി
✍️ അഞ്ജു നാരായണൻ
- ഇരുന്നൂറ്റിമ്പത് വർഷം മുൻപ് നിർമ്മിച്ച പള്ളിയിൽ നിർമാതാവിന്റെ ഖബറുണ്ട്. പൊളിഞ്ഞു വീഴാറായിരിക്കുന്നു പള്ളിയുടെ പല ഭാഗങ്ങളും
കൊയിലാണ്ടി : യമനിൽ നിന്ന് വന്ന് കൊയിലാണ്ടി തീരത്ത് വിശിഷ്ടമായ ഒരു പള്ളി തീർത്ത ഒമർ മുഖളാർ തങ്ങളെക്കുറിച്ചും താഴങ്ങാടി പള്ളിയെക്കുറിച്ചും എത്രപേർക്കറിയാം.?
ഇരുന്നൂറ്റിമ്പത് വർഷം മുൻപ് തീർത്ത പള്ളിയിൽ നിർമാതാവിന്റെ ഖബറുണ്ട് .
ഗംഭീര നിർമ്മിതിയാണ് ഈ പള്ളിയുടേത്. യെമനിൽ നിന്നെത്തിയ സഞ്ചാരി ആയിരുന്നത്രെ ഒമർ. അദ്ദേഹത്തിന്റെ ഖബർ സംരക്ഷണമില്ലാതെ ഏറെക്കുറെ നശിച്ചു കഴിഞ്ഞു. വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പള്ളി ഇപ്പോൾ അവകാശത്തർക്കത്തിലാണ്. ചുറ്റുമതിൽ കെട്ടി സംരക്ഷണം നൽകിയിട്ടുണ്ട്,എങ്കിലും പള്ളി നാശത്തിന്റെ വക്കിലാണ്.

പണ്ടുണ്ടായിരുന്ന മുത്തവലി (പള്ളി പരിപാലിക്കുന്ന ആൾ ) മരിച്ചതിൽ പിന്നെ സംരക്ഷണത്തിന് ആളില്ലാതെയായി. പിന്നീട് കോഴിക്കോട് വഖഫ് ബോർഡ് കോടതി വിധിയെതുടർന്ന് സംരക്ഷണച്ചുമതല കാപ്പാട് യത്തീംഖാനയ്ക്ക് നൽകുകയായിരുന്നു.
പള്ളിയുടെ ആരാധനയും ചടങ്ങുകളും നിലച്ചിട്ട് വർഷങ്ങളായെന്ന് സമീപവാസി
കൾ പറയുന്നു. സാധാരണ ആരാധന ശൈലി തന്നെയായിരുന്നു ഇവിടെയും നിലനിന്നിരുന്നത്. കോടതിയുടെ ഇടപെടൽ കാരണമാണ് ചുറ്റുമതിൽ കെട്ടി സംരക്ഷണം ലഭ്യമായത്.
ചെറുപ്പം മുതൽ കാണുമ്പോഴൊക്കെ എന്നെ അത്ഭുതത്തിലാഴ്ത്തിയിരുന്നു ഈ പള്ളി. കാരണം ലൈറ്റ് ഹൌസ് പോലെ നല്ല ഉയരത്തിലാണ് പള്ളിയുടെ നിർമിതി. അതിശയപ്പെടുത്തികളയും. ഈ കല്ലുകളൊക്കെ എങ്ങനെ എത്തിച്ചു എന്നത് അതിശയമാണ്- പ്രാദേശവാസിയായ ഇമ്പിച്ചി മമ്മു ഓർത്തെടുക്കുന്നു.
ഏകദേശം മൂന്നു നൂറ്റാണ്ടോളം പഴക്കമുള്ളതാണ് കൊയിലാണ്ടി താഴങ്ങാടി പള്ളിയും മഖാമും. ചെമ്പിന്റെ താഴികകുടമുള്ള ഖുബ്ബയും കുളവും പ്രസ്തുത പള്ളിയും മഖാമും ഉണ്ടാകുന്നതിന് മുമ്പ് ബാഹസൻ ഗോത്രത്തിൽ നിന്ന് ഉരുത്തിരിഞ്ഞ മുഖളാൽ ഖബീലയിൽപെട്ട സയ്യിദ് ഹാമിദ് ഉമർ മുഖളാർ തങ്ങൾ ഈ പ്രദേശത്തെ ഒരു പണ്ഡിതനും ഖുർആന്റെ അടിസ്ഥാനത്തിൽ ചികിത്സ നടത്തിയിരുന്ന പ്രശസ്‌ത ചികിത്സകനും കൂടിയായിരുന്നു. മാത്രമല്ല ഖറാമത്ത് (അത്ഭുത സിദ്ധി )എന്ന അമാനുഷിക കഴിവുള്ള ഒരു വ്യക്തി കൂടിയായിരുന്ന തങ്ങൾ. ഇദ്ദേഹത്തിൻ്റെ പ്രശസ്‌തിയും മറ്റും കേട്ടറിഞ്ഞ മൈസൂർ ഭരണാധികാരി ടിപ്പു സുൽത്താൻ്റെ കാലത്ത് ആർക്കാട് നവാബ് മലബാർ പര്യടനം നടത്തിയപ്പോൾ പന്തലായനി എന്ന കൊയിലാണ്ടിയിലുമെത്തിയെന്നും സന്ദർശനത്തിൽ നവാബിന് കുടിക്കാൻ നൽകിയ ഇളനീരിൽ മീനിന്നെ കണ്ടെന്നും, ഇളനീർ വെട്ടിയ തങ്ങളുടെ ഖറാമാത്ത് കൊണ്ടാണെന്ന് വിശ്വസിച്ച് അത്ഭുതപ്പെട്ട നവാബ് ഭൂസ്വത്തും അവിടെ ഒരു പള്ളിയും നിർമിച്ചു നൽകുകയായിരുന്നു. ഇതാണ് ചരിത്രത്തിലെ താഴങ്ങാടി പള്ളി. പ്രധാന കച്ചവടകേന്ദ്രമായതിനാലാണ് താഴങ്ങാടിപള്ളിയെന്ന് പേര് വരാൻ കാരണമായി ചരിത്രകാരന്മാരുടെ വാദം.

പുനരുദ്ധരിക്കണം
അറബികൾ സ്വർണവും ധാന്യങ്ങളും ഈത്തപ്പഴവും ഇറക്കുമതി ചെയ്തിരുന്നതും,ഏലം കുരുമുളക് എന്നിവയുടെ കയറ്റുമതിയും ചെയ്തിരുന്നത് പള്ളിക്കടുത്തുള്ള പാണ്ടികശാലകളിൽ ആയിരുന്നു. പിന്നീട് കാലം ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയുന്ന ഏടുകൾ പോലെ പള്ളിയും നശിക്കാൻ തുടങ്ങി. പേമാരിയും കൊടുങ്കാറ്റും മൂലമാണ് പള്ളി തകർന്നതെന്ന് പറയപ്പെടുന്നു. പിന്നീട് പലരും ഭൂമി കയ്യേറാൻ തുടങ്ങി. തുടർന്ന് പള്ളി നശിക്കാനും തുടങ്ങിയത്രേ. പിന്നീട് കൊയിലാണ്ടി മുൻസിഫ് കോടതി ജീവനക്കാരൻ ആയിരുന്ന എം. ടി. ഇമ്പിച്ചി അഹമ്മദിന്റെ നേതൃത്വത്തിൽ കേരള വഖഫ് ബോഡ് ഇടപെട്ടുകൊണ്ട് കൊയിലാണ്ടി ജുമ അത് പള്ളിയുടെ കീഴിൽ കമ്മിറ്റി രൂപീകരിച്ച് പള്ളിയുടെ പുനരുദ്ധാരണം നടത്താൻ ശ്രമിച്ചിരുന്നു. അങ്ങനെയാണ് പള്ളി സംരക്ഷണത്തിന്റെ ഭാഗമായി ചുറ്റുമതിൽ കെട്ടിയത്. എന്നിരുന്നാലും പള്ളിയ്ക്ക് അതിന്റെ നിലനിൽപ്പിനുതകുന്ന രീതിയിലുള്ള പുനരുദ്ധാരണം നടക്കേണ്ടതുണ്ട്. ചരിത്രം പായൽ മൂടുമ്പോൾ സ്‌മൃതിയിൽ മറയുന്ന ചരിത്രനിർമിതിയും കേരളത്തിന്റെ തനത് പുരാതന നിർമാണ ശൈലിയും സംരക്ഷിക്കേണ്ടതും വരും തലമുറയ്ക്ക് കരുതി വെക്കേണ്ടതും അത്യാവശ്യമാണ്. നിയമത്തിന്റെ നൂലാമാലയ്ക്കപ്പുറം ഇന്നലെകളെ സംരക്ഷിക്കേണ്ടത് സമൂഹത്തിൻ്റെ കടമയാണ്.