
ചെമ്പുകടവ് പാലം, പറപ്പറ്റ പാലം എന്നിവയുടെ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു
- അങ്ങാടികൾ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഉയരം കൂടിയ നടപ്പാലം നിലവിൽ പഴയ ബണ്ട് പാലം സ്‌ഥിതി ചെയ്യുന്നിടത്ത് പണിയണമെന്ന ആവശ്യവും ശക്തമാണ്
കോടഞ്ചേരി: പഞ്ചായത്തിൽ ചാലിപ്പുഴയിൽ ചെമ്പുകടവ് പാലം, പറപ്പറ്റ പാലം എന്നിവയുടെ പണി പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ഓരോ മഴക്കാലത്തും ചാലിപ്പുഴയിൽ ഉണ്ടാകുന്ന മലവെള്ളപ്പാച്ചിലിൽ ചെമ്പുകടവ് അങ്ങാടിയിലെ കാലപ്പഴക്കം ചെന്ന, ഉയരം കുറഞ്ഞ ബണ്ട്പാലത്തിന്റെ മുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്നത് പതിവാണ്. പറപ്പറ്റയിൽ ചാലിപഴയിലെ കാലപ്പഴക്കം ചെന്ന പറപ്പറ്റ ബണ്ട് പാലത്തിന്റെ മുകളിലും മലവെള്ളപ്പാച്ചിലിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്നതും പതിവായിരുന്നു. അതിനു പരിഹാരമാകും. ചെമ്പുകടവിലും പറപ്പറ്റയിലും ഉയരം കുറഞ്ഞ ബണ്ട്പാലത്തിൻ്റെ മുകളിൽ വെള്ളം കയറുമ്പോൾ പാലത്തിനു സമീപത്തുള്ള ചെമ്പുകടവ് അക്കരെ അങ്ങാടിയിലും പറപ്പറ്റ പാലത്തിനു സമീപങ്ങളിലെ വീടുകളിലും വെള്ളം കയറി നാശനഷ്‌ടം ഉണ്ടാകുന്നതും പതിവാണ്. ഉയരം കൂടിയ പുതിയ മേജർ പാലങ്ങൾ വരുന്നതോടെ സമീപ പ്രദേശങ്ങളിൽ വെള്ളം കയറുന്നത് ഇല്ലാതാകും. പറപ്പറ്റയിലെ പഴയ ബണ്ട് പാലം പൂർണമായും പൊളിച്ചു നീക്കിയാണ് പുതിയ പാലം പണിതിട്ടുള്ളത്. ചെമ്പുകടവ് അങ്ങാടിയിലെ ഉയരം കുറഞ്ഞ പഴയ ബണ്ട്പാലം പൊളിച്ചു നീക്കിയിട്ടില്ല. പഴയ ബണ്ട്പാലം പൂർണമായും പൊളിച്ചു മാറ്റിയാൽ മാത്രമേ ചെമ്പുകടവ് അങ്ങാടിയിലും സമീപത്തെ വീടുകളിലും മലവെള്ളപ്പാച്ചിലിൽ വെള്ളം കയറാത്ത അവസ്‌ഥയിലേക്ക് മാറാനാകൂ. ചെമ്പുകടവിൽ ചാലിപുഴയ്ക്ക് അക്കരെ ഇക്കരെയുള്ള അങ്ങാടികൾ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഉയരം കൂടിയ നടപ്പാലം നിലവിൽ പഴയ ബണ്ട് പാലം സ്‌ഥിതി ചെയ്യുന്നിടത്ത് പണിയണമെന്ന ആവശ്യവും ശക്തമാണ്