
ജീവൻ പണയം വെച്ച് റെയിൽ പാളം കടക്കേണ്ട ദുരവസ്ഥ;കണ്ണടച്ച് അധികൃതർ
- ട്രെയിൻ തട്ടിയുള്ള മരണം കൂടുന്നു
- ഫൂട്ട് ഓവർ ബ്രിഡ്ജ് അടിയയന്തരമായി നിർമ്മിക്കുന്നമെന്ന് നാട്ടുകാർ
കൊയിലാണ്ടി: റെയിൽവേ സ്റ്റേഷന്റെ ഭാഗത്ത് ഫൂട്ട് ഓവർ ബ്രിഡ്ജ് വേണമെന്ന ആവശ്യം അധികൃതർ പരിഗണക്കാത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്.
10 വർഷത്തിനിടയിൽ ഒട്ടനവധി മരണങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. ഇക്കഴിഞ്ഞ ദിവസം ഫിഷറീസ് ഓഫിസിൽ പോയി വരുകയായിരുന്ന വീട്ടമ്മ റെയിൽ പാളം മുറിച്ചുകടക്കവെ ട്രെയിൻ തട്ടി മരിച്ചതാണ് ഇതിൽ അവസാന സംഭവം.
നിലവിൽ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെ ഫൂട്ട് ഓവർ ബ്രിഡ്ജ് പൊതുജനങ്ങൾക്കും ഉപകരിക്കുന്ന തരത്തിൽ പാളത്തിൻ്റെ ഇരു പുറത്തേക്കും നീട്ടണമെന്നാണ് പന്തലായനി നിവാസികൾ ആവശ്യപ്പെടുന്നത്. അതല്ലെങ്കിൽ പഴയ മുത്താമ്പി റോഡ് നിലനിന്ന സ്ഥാനത്ത് പുതിയൊരു ഫൂട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു. സമാന രീതിയിൽ പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപവും ഫൂട്ട് ഓവർ ബ്രിഡ്ജ് വേണമെന്ന് ആവശ്യമുയരുന്നു.

പന്തലായനി ഭാഗത്തേക്ക് കാൽനടയായി പോകുന്നവരും, പന്തലായനി ഗവ എച്ച്എസ്എസിലെ ഭൂരിപക്ഷം വിദ്യാർഥികളും സ്‌കൂളിലെത്തുന്നതും തിരിച്ചുപോകുന്നതും റെയിൽപാത മുറിച്ചു കടന്നാണ്. എന്നാൽ, ഇന്ത്യൻ റെയിൽവേ നിയമത്തിലെ 147 വകുപ്പ് അനുസരിച്ച് ഇത്തരം മുറിച്ചുകടക്കലുകൾ കുറ്റകരമാണെന്ന് കാണിച്ച് പലയിടങ്ങളിലും ബോർഡും റെയിൽവേ സ്ഥാപിച്ചിട്ടുണ്ട്.
കൊയിലാണ്ടി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ റോഡുമായി ബന്ധിപ്പിച്ച് മേൽപാലം നിർമിച്ചാലും ആളുകൾക്ക് പ്രയോജനപ്പെടും. പേരാമ്പ്ര, അരിക്കുളം, ഭാഗത്തു നിന്ന് വാഹനങ്ങളിൽ വരുന്ന യാത്രക്കാർ, വാഹനം റെയിൽവേ സ്റ്റേഷൻ പരിസരത്ത് എവിടെയെങ്കിലും പാർക്ക് ചെയ്ത് പ്ലാറ്റ്ഫോമിലെത്തി ട്രെയിൻ കയറാൻ വലിയ ബുദ്ധിമുട്ടാണ് ഇപ്പോൾ അനുഭവിക്കുന്നത്.