
ടിക്കറ്റ് വരുമാനം വൻതോതിൽ കുറഞ്ഞു;യാത്രക്കാർക്കായി സമ്മാനപദ്ധതിയുമായി കെ.എസ്.ആർ.ടി.സി
- യാത്രാവേളയിൽ നൽകുന്ന പരസ്യം പതിച്ച ടിക്കറ്റുകളിൽനിന്ന് നറുക്കെടുപ്പ് നടത്തിയാണ് സമ്മാനാർഹരെ കണ്ടെത്തുക. ഇതിനുള്ള പ്രാരംഭചർച്ചകൾ കോർപ്പറേഷൻ ആരംഭിച്ചു
കൊല്ലം : യാത്രക്കാർക്കായി സമ്മാനപദ്ധതി നടപ്പാക്കാൻ കെ.എസ്.ആർ.ടി.സി.
തയ്യാറെടുക്കുന്നു.യാത്രാവേളയിൽ നൽകുന്ന പരസ്യം പതിച്ച ടിക്കറ്റുകളിൽനിന്ന് നറുക്കെടുപ്പ് നടത്തിയാണ് സമ്മാനാർഹരെ കണ്ടെത്തുക. ഇതിനുള്ള പ്രാരംഭചർച്ചകൾ കോർപ്പറേഷൻ ആരംഭിച്ചു. നിലവിൽ കെ.എസ്.ആർ.ടി.സി.യുടെ അയ്യായിരത്തോളം ബസുകളിലായി 21 ലക്ഷം പേരാണ് യാത്ര ചെയ്യുന്നത്. ജൂൺ 15-ന് പ്രിയദർശിനിയാത്ര ആരംഭിച്ചതുമുതൽ സ്ത്രീയാത്രക്കാരുടെ എണ്ണത്തിൽ 30 മുതൽ 50 ശതമാനംവരെ വർധനയുണ്ടായിട്ടുണ്ട്. എന്നാൽ സൗജന്യയാത്രമൂലം ടിക്കറ്റ് വരുമാനം വൻതോതിൽ കുറഞ്ഞു. ഇതിന് പരിഹാരം കാണാനുള്ള നടപടികളുടെ ഭാഗമായാണ് പരസ്യം പതിച്ച ടിക്കറ്റുകൾ നൽകുന്നത്. കെ.എസ്.ആർ.ടി.സി. ഒരുവർഷം 27.6 ലക്ഷം പേപ്പർ റോളുകളാണ് ഉപയോഗിക്കുന്നത്. ഒരുമാസം 2.3 ലക്ഷം എണ്ണവും.ഒരു റോളിൽനിന്ന് 230 ടിക്കറ്റുകൾ നൽകാനാകും. 5.9 സെന്റിമീറ്റർ നീളത്തിലും 5.5 സെന്റിമീറ്റർ വീതിയിലും ടിക്കറ്റുകളുടെ ഒരുഭാഗത്ത് പരസ്യം പതിച്ച് നൽകാൻ താത്പര്യമുള്ള പരസ്യ-മാർക്കറ്റിങ് ഏജൻസികളെ കണ്ടെത്താൻ കോർപ്പറേഷൻ ടെൻഡർ ക്ഷണിച്ചിരുന്നു. ലൈസൻസ് ലഭിക്കുന്ന ഏജൻസികളിൽനിന്ന് മുൻകൂട്ടി പരസ്യങ്ങൾ സ്വീകരിച്ച്, കോർപ്പറേഷൻറെ ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകളിലേക്കുള്ള പേപ്പർ റോൾ വിതരണം ചെയ്യുന്ന കമ്പനികൾക്ക് നൽകാനും അവരിൽനിന്ന് പരസ്യം പതിച്ച റോളുകൾ തിരികെ വാങ്ങാനുമാണ് ആലോചിച്ചിരുന്നത്.

പ്രിന്റിങ് ചെലവ് ഏജൻസിയിൽനിന്ന് ഈടാക്കും. ടിക്കറ്റിന്റെ വലുപ്പം കണക്കുകൂട്ടി ഉൾപ്പെടുത്തുന്ന പരസ്യങ്ങൾക്ക് മാസംതോറും ഏജൻസി ലൈസൻസ് ഫീസ് കോർപ്പറേഷന് നൽകണം.പരസ്യങ്ങൾ നിയമവിധേയമാകണമെന്നും കോർപ്പറേഷന്റെയോ സർക്കാരിന്റെയോ പൊതുജനത്തിന്റെയോ താത്പര്യങ്ങൾക്ക് വിരുദ്ധമാകരുതെന്നും വ്യവസ്ഥയുണ്ടായിരുന്നു. അനാകർഷകമായ വ്യവസ്ഥകൾമൂലം ആരും ടെൻഡറിൽ പങ്കെടുത്തില്ല. യാത്ര കഴിഞ്ഞയുടനെ ടിക്കറ്റുകൾ വലിച്ചെറിയപ്പെടുമെന്നും അതുകൊണ്ടുതന്നെ പരസ്യം നൽകുന്നത് നഷ്ടമാകുമെന്നും വിമർശനമുണ്ടായി. ഇതോടെയാണ് പരസ്യമുള്ള ടിക്കറ്റുകൾ കൂടുതൽ സമയം സൂക്ഷിച്ചുവയ്ക്കാവുന്ന തരത്തിൽ പദ്ധതി ആവിഷ്കരിക്കാൻ കെ.എസ്.ആർ.ടി.സി. തയ്യാറെടുക്കുന്നത്. പരസ്യം നൽകലിനുള്ള ടെൻഡർ വ്യവസ്ഥകൾ കൂടുതൽ ആകർഷകമാക്കാനും നീക്കമുണ്ട്.
