
ഡോക്ടർമാർ കൂട്ടത്തോടെ അവധി; രോഗികൾ വലഞ്ഞു
- അവധിയെടുത്തതിനെത്തുടർന്ന് കൂടരഞ്ഞി കുടുംബാരോഗ്യകേന്ദ്രം അടച്ചിട്ടു
തിരുവമ്പാടി: ഡോക്ടർമാർ കൂട്ടമായി അവധിയെടുത്തതിനെത്തുടർന്ന് കൂടരഞ്ഞി കുടുംബാരോഗ്യകേന്ദ്രം അടച്ചിട്ടു .ആശുപത്രിയിൽ മൊത്തം മൂന്ന് ഡോക്ടർമാരാണുള്ളത്. അതിൽ മെഡിക്കൽ ഓഫീസർ ദീർഘാവധിയിലാണ്. മറ്റു രണ്ടു ഡോക്ടർമാരും ലീവെടുത്തതിനെത്തുടർന്നാണ് ഞായറാഴ്ച ആശുപത്രി അടച്ചിടേണ്ടിവന്നത്.
അവധിയെടുക്കുന്ന കാര്യം ഗ്രാമപ്പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നതായാണ് വിവരം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് പൊതു അറിയിപ്പുകൾ ലഭ്യമാക്കാൻ അധികൃരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല.കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും മുതിർന്നവരും ഉൾപ്പെടെ ഒട്ടേറെപ്പേരാണ് രാവിലെത്തന്നെ ആശുപത്രിയിലെത്തിയത്. ഡോക്ടർ ഇല്ലാത്തതിനെ തുടർന്ന് പലരും അകലെയുള്ള സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിച്ചത്.
മലയോരമേഖലയിലെ നൂറുകണക്കിനു വരുന്ന ആദിവാസി പിന്നാക്കവിഭാഗങ്ങൾ ഉൾപ്പെടെ സാധാരണക്കാർ കൂടുതലായും ആശ്രയിക്കുന്ന ആശുപത്രിയാണ് കൂടരഞ്ഞി കുടുംബാരോഗ്യകേന്ദ്രം. അതുകൊണ്ടുതന്നെ ഒരു മുന്നറിയിപ്പുമില്ലാതെ, പൊതുജനാരോഗ്യകേന്ദ്രം അടച്ചിടേണ്ടിവന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കി.