തായമ്പകോൽസവത്തിന്  കൊയിലാണ്ടി ഒരുങ്ങുന്നു

തായമ്പകോൽസവത്തിന് കൊയിലാണ്ടി ഒരുങ്ങുന്നു

  • സ്കൂൾ യുവജനോത്സവത്തിന് പുറമെ കേരളത്തിൽ ഇപ്പോൾ തായമ്പകയ്ക്കായി മത്സരവേദികളൊന്നുമില്ല. അതുകൊണ്ട് തന്നെ ഈ തായമ്പകോത്സവം പ്രത്യേക ശ്രദ്ധ ആകർഷിയ്ക്കുന്നു. വാദ്യകലാ പ്രമുഖരുടെയും ആസ്വദകരുടെയും ഒരൊത്തുചേരലായി തായമ്പകോത്സവം ആവേശം വിതറും

കൊയിലാണ്ടി: കേരളത്തിലെങ്ങും ഉത്സവങ്ങളും പൂരങ്ങളും പള്ളിപെരുന്നാളുകളും തിമർത്തുകൊണ്ടിരിക്കുന്ന കാലമാണിത്. അതിനിടയിൽ വ്യത്യസ്ഥമായ ഒരു ഉത്സവത്തിന് – ഉത്സവങ്ങളുടെ മുഖ്യ ആകർഷണമായ തായമ്പകയുടെ ഒരു മത്സരോൽസവത്തിന് കൊയിലാണ്ടിയിൽ അരങ്ങൊരുങ്ങുകയാണ്.

കേരളീയ കലകളെയും വിഞ്ജാന ശാഖകകളെയും പരിപോഷിപ്പിയ്ക്കാനായി പ്രവർത്തിക്കുന്ന ശ്രീരുദ്ര ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന തായമ്പകോത്സവം – അഖില കേരള തായമ്പക മത്സരത്തിൽ കൗമാര വാദ്യപ്രതിഭകൾ മാറ്റുരയ്ക്കും. ഏപ്രിൽ 7 ഞായറാഴ്ച കുറുവങ്ങാട് നരിക്കുനി എടമന വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിലാണ് തായമ്പകോത്സവം അരങ്ങേറുന്നത്. സ്കൂൾ യുവജനോത്സവത്തിന് പുറമെ കേരളത്തിൽ ഇപ്പോൾ തായമ്പകയ്ക്കായി മത്സരവേദികളൊന്നുമില്ല. അതുകൊണ്ട് തന്നെ ഈ തായമ്പകോത്സവം പ്രത്യേക ശ്രദ്ധ ആകർഷിയ്ക്കുന്നു. വാദ്യകലാ പ്രമുഖരുടെയും ആസ്വദകരുടെയും ഒരൊത്തുചേരലായി തായമ്പകോത്സവം ആവേശം വിതറും.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള അപേക്ഷകരിൽ പ്രാഥമിക റൗണ്ട് സെലക്ഷൻ കടന്നെത്തിയ 17 പേരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. സ്കൂൾ യുവജനോത്സവ വേദികളിലും ക്ഷേത്രോത്സവങ്ങളിലും യൂട്യൂബിലുമൊക്കെ തായമ്പക കൊട്ടി മിന്നിത്തിളങ്ങുന്നവരാണ് മിക്കവരും. രണ്ട് പെൺകുട്ടികളും മത്സരത്തിനെത്തുന്നുണ്ട്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ശ്രീരുദ്ര ഫൗണ്ടേഷൻ സ്വർണ്ണ മെഡലുകൾ സമ്മാനിയ്ക്കും.

രാവിലെ 8 മണിയ്ക്ക് മത്സരം ആരംഭിക്കും. പ്രശസ്ത ചരിത്രകാരൻ ഡോ. എം.ആർ. രാഘവ വാര്യർ ഉദ്‌ഘാടനം നിർവ്വഹിക്കും. വൈകീട്ട് 6.30ന് അവസാനിക്കും. 20 മിനിട്ടാണ് മത്സര സമയം . ചുരുങ്ങിയത് 4 അകമ്പടി വാദ്യക്കാർ ഒരു മത്സരാർത്ഥിയ്ക്കൊപ്പം പങ്കെടുക്കും. തായമ്പക കലയിലെ വിദഗ്ദരായ മൂന്ന് പേർ വിധി നിർണ്ണയം നടത്തും. തായമ്പക കലയിലെ വ്യത്യസ്ഥ ശൈലികളുടെയും പുതു പ്രവണതകളുടെയും മാറ്റുരയ്ക്കലായി മാറും തായമ്പകോത്സവം.

കേരളത്തിൻ്റെ വാദ്യകുലപതി പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരാണ് തായമ്പ കോത്സവത്തിൻ്റെ മാർഗ്ഗ നിർദ്ദേശകൻ. വൈകീട്ട് 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ അദ്ദേഹം സമ്മാനദാനം നിർവ്വഹിക്കും. കൽപ്പറ്റ നാരായണൻ, പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂർ, കലാനിരൂപകൻ ഡോ. എൻ.പി. വിജയകൃഷ്ണൻ, കൊയിലാണ്ടി നഗരസഭ ചെയർ പേർസൺ സുധ കിഴക്കേപ്പാട്ട് , വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ തുടങ്ങിയവർ പങ്കെടുക്കും.

വിശദവിവരങ്ങൾക്ക് – 6235724909/9946487889

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )