
തായ്‌ലൻഡിൽ നിന്നു ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലേക്ക്
- ഹൈബ്രിഡ് കഞ്ചാവിനു കേരളത്തിൽ ആവശ്യക്കാർ കൂടുതൽ
കോഴിക്കോട് തായ്‌ലൻഡിൽ നിന്നുകേരളത്തിലേക്കു ഹൈബ്രിഡ് കഞ്ചാവിന്റെ കുത്തൊഴുക്ക്. തായ്ലൻഡിൽ നിന്നെത്തിച്ച 70 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണു മൂന്നാഴ്ചയ്ക്കിടെ പൊലീസും കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗവും ഡയറക്‌ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും പിടികൂടിയത്. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നു കസ്‌റ്റംസ് പ്രിവൻ്റീവ് വിഭാഗം ഇന്നലെ 34 കിലോഗ്രാമും 12ന് രാത്രി പൊലീസ് 18 കിലോഗ്രാമും ഒരാഴ്ച്‌ച മുൻപു ഡിആർഐ 12 കിലോഗ്രാമും ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു. യുഎഇയിലേക്കു കടത്താൻ ശ്രമിച്ച 5.5 കിലോഗ്രാം കഞ്ചാവ് കൊച്ചി വിമാനത്താവളത്തിൽ കഴിഞ്ഞമാസം 25നു കസ്‌റ്റംസ് പ്രിവൻ്റീവ് വിഭാഗം പിടികൂടിയിരുന്നു.
ബെംഗളൂരുവിൽ മലയാളികളായ യാത്രക്കാരിൽ നിന്നു കഴിഞ്ഞ ദിവസം കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയ 21 കിലോ ഹൈബ്രിഡ് കഞ്ചാവും കേരളത്തിലേക്കു കടത്താനിരുന്നതാണെന്നാണു സൂചന. ഹൈബ്രിഡ് കഞ്ചാവിനു കേരളത്തിൽ ആവശ്യക്കാർ കൂടുന്നുവെന്നും കേരളം വഴി യുഎഇയിലേക്കു കടത്തു നടക്കുന്നുവെന്നും ഈ കേസുകൾ തെളിയിക്കുന്നു.