
താലൂക്കാസ്പത്രിയിൽ വിജിലൻസ് പരിശോധന; ഇ-ഹെല്‍ത്ത് പദ്ധതി കാര്യക്ഷമമല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി
- രോഗികളെ പരിശോധിക്കേണ്ട ഡോക്ടര്‍മാര്‍ വൈകി എത്തുന്നതായും കണ്ടെത്തി
കൊയിലാണ്ടി: താലൂക്കാസ്പത്രിയിൽ വിജിലൻസ് വിഭാഗം പരിശോധന നടത്തി. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരമാണ് പരിശോധന നടത്തിയത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ കോഴിക്കോട് വിജിലന്‍സ് യൂണിറ്റിന്റെ കീഴിലുള്ള ഏഴംഗ സംഘമാണ് പരിശാേധനക്കെത്തിയത്. രാവിലെ എട്ടിന് ഒപിയില്‍ രോഗികളെ പരിശോധിക്കേണ്ട ഡോക്ടര്‍മാര്‍ വൈകിയാണ് എത്തുന്നതെന്ന് ബോധ്യപ്പെട്ടതായും ഇ-ഹെല്‍ത്ത് പദ്ധതി കാര്യക്ഷമമല്ലെന്നും പരിശോധനയില്‍ കണ്ടെത്തി.
ഡയാലിസിസ് യൂണിറ്റിനുവേണ്ടി പൊതുജനങ്ങളില്‍ നിന്ന് സമാഹരിച്ച ഒന്നേകാല്‍ കോടിയോളം വരുന്ന തുക ഇതുവരെ ഉപയോഗപ്പെടുത്തിയില്ലന്നും കണ്ടെത്തി. കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിലാണ് ഡയാലിസിസ് യൂനിറ്റിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് വേണ്ടി തുക സമാഹരിച്ചത്. പിരിച്ചെടുത്ത തുക ബാങ്ക് നിക്ഷേപമായി ഉണ്ടെങ്കിലും ഇതുവരെ ആ തുക ഉപയോഗിച്ച് ഡയാലിസിസ് യൂനിറ്റ് മെച്ചപ്പെടുത്തുന്നതിനുളള പ്രവര്‍ത്തനം നടത്തിയിട്ടില്ല എന്നും കണ്ടെത്തി.
പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ആശുപത്രിയുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളിലും പരിശോധന നടത്തും. പരി ശോധന റിപ്പാേര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും. വിജിലൻസ് ഇൻസ്പെക്ടർ എം.ആർ. മൃദുൽകുമാർ, സബ് ഇൻസ്പെക്ടർ സുജിത്ത് പെരുവടത്തിന്റെയും അസി. സബ് ഇൻസ്പെക്ടർ, പി. രൂപേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഇ.കെ. സനൂജ്, കെ.വി. ശ്രീകാന്ത്, സിവിൽ പോലീസ് ഓഫീസർ വി. രാഹുൽ, ഡിഎംഒ ഓഫീസ് സീനിയർ സൂപ്രണ്ട് കെ. സജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.