
താലൂക്ക് അസോ: കുവൈത്ത് വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു
- തക്കാര റെസിഡൻസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: താലൂക്ക് അസോസിയേഷൻ കുവൈത്ത് വിദ്യാഭ്യാസ സഹായ പദ്ധതി ‘ഉയരേ 2024’ വിതരണം ചെയ്തു. കൊയിലാണ്ടി തക്കാര റെസിഡൻസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കോർഡിനേറ്റർ സനു കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സഹായത്തിനു അർഹരായ വിദ്യാർത്ഥികൾക്കു വേണ്ടി അസോസിയേഷൻ സെക്രട്ടറി വിജിൽ കീഴരിയൂർ മന്ത്രിയിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി. ദിലീപ് അരയടത്ത് ഉയരേ പദ്ധതി വിശദീകരിച്ചു.

പ്ലസ് ടു ഉയർന്ന മാർക്കോടെ പാസ്സായി ഉപരിപഠനത്തിന് സാമ്പത്തിക പ്രയാസം നേരിടുന്ന കുട്ടികളെ സഹായിക്കാൻ വേണ്ടിയുള്ളതാണ് ഉയരേ. മുൻപ് വിദ്യാഭ്യാസ ഹസ്തം എന്ന പേരിൽ അസോസിയേഷൻ നടപ്പിലാക്കിയ പദ്ധതിയാണ് ഈ വർഷം മുതൽ ഉയരേ എന്ന പേരിൽ നടപ്പിലാക്കുന്നത്.

എംബിബിഎസ്, ബി- ടെക്, ബിഎസ് സി നഴ്സിംഗ്, നീറ്റ്, ടിടിസി, സിഎ, ബിഎ, ബികോം തുടങ്ങിയ കോഴ്‌സുകളിൽ ചേർന്ന് പഠിക്കുന്ന ഏറ്റവും അർഹരായ പതിനഞ്ച് കുട്ടികളെയാണ് സഹായത്തിനായി തെരഞ്ഞെടുത്തത്. മുൻ എംഎൽഎ പി.വിശ്വൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി.എം.കോയ, വി.പി.ഇബ്രാഹിംകുട്ടി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ സോഷ്യൽ മീഡിയ കൺവീനർ ജഗത് ജ്യോതി സ്വാഗതവും സിതാരാ ജഗത് നന്ദിയും രേഖപ്പെടുത്തി . അബ്ദുൽ ഖാദർ, അഷ്‌കർ പുളിയഞ്ചേരി, നിജിഷ, ഫസി ഷാഹുൽ, മർഷിദ ഹാഷിം, ജീന ജിനീഷ്, സുധെഷ്ണ വിജിൽ എന്നിവർ നേതൃത്വം നൽകി.
