
തിക്കോടി സംഭവം: പോലീസുകാർ കുറ്റക്കാരണെന്ന് തെളിഞ്ഞാൽ നടപടിയെന്ന് എസ് പി
- പോലീസ് സ്‌റ്റേഷനിലെ ബലപ്രയോഗത്തിൻ്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു
കൊയിലാണ്ടി: തിക്കോടിയിലെ പോലീസ് നടപടിയുമായി ബന്ധപ്പെട്ട് കുറ്റക്കാരാണെന്ന് തെളിയുന്ന പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റൂറൽ എസ്.പി. നിധിൻരാജ് ഷാഫി പറമ്പിലിനെ അറിയിച്ചു.
കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ ഷാഫി പറമ്പിൽ എം.പിയും ഡി.സി.സി പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി ടി.ടി. ഇസ്മായിൽ എന്നിവരടങ്ങുന്ന സംഘം സർക്കിൾ ഇൻസ്പെക്ടറുമായി സംസാരിക്കുന്നതിനിടയിലാണ് ഫോൺ വഴി എസ്.പി. ഉറപ്പ് നൽകിയത്. പ്രതിഷേധം നടന്ന സ്ഥലത്തും തുടർന്ന് പോലീസ് സ്റ്റേഷനിലും നടന്ന സംഭവങ്ങൾ സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ പരിശോധിക്കു മെന്നാണ് എസ്.പി. അറിയിച്ചത്. തിക്കോടി അടിപ്പാത സമരത്തിൽ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് മെമ്പറും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി യുമായ വി.പി. ദുൽഖിഫിലിനെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുന്നതിൻ്റെയും പോലീസ് സ്‌റ്റേഷനിലെ ബലപ്രയോഗത്തിൻ്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
എം.പിയാേടൊപ്പം ഡി.സി.സി. പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ, യു.ഡി.എഫ്. നേതാക്കളായ ടി.ടി. ഇസ്മയിൽ, മഠത്തിൽ നാണു തുടങ്ങിയവരുമുണ്ടായിരുന്നു.