
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ആശങ്ക ; വോട്ട് നഷ്‌ടപ്പെടുമെന്ന പേടിയിൽ അധ്യാപകർ
- സംസ്ഥാനതല നിർദേശമായതിനാൽ മറ്റൊന്നും ചെയ്യാനാകില്ല എന്നാണ് അധികൃതരുടെ മറുപടി
കോഴിക്കോട് :തിരഞ്ഞെടുപ്പു ജോലിക്ക് ഡ്യൂട്ടി ഏത് മണ്ഡലത്തിലാണെന്ന് അറിയാത്തതിനാൽ വോട്ട് നഷ്ടപ്പെടുമെന്ന് ആശങ്കയിൽ അധ്യാപകർ . വോട്ടുചെയ്യാൻ അനുവദിക്കുന്ന പോസ്റ്റൽ ബാലറ്റോ, ഇലക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റോ ലഭിക്കുന്നതിന് ചൊവ്വാഴ്ചയ്ക്കുള്ളിൽ അപേക്ഷിക്കുകയും ചെയ്യണം. അതേ സമയം ഡ്യൂട്ടി എവിടെയെന്ന് അറിയാതെ അപേക്ഷ നൽകാൻ കഴിയാത്തതാണ് അധ്യാപകരുടെ പ്രശ്നം.
രണ്ടുതരത്തിലുള്ള ഫോമുകളാണ് പോസ്റ്റൽ ബാലറ്റോ ഇലക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റോ കിട്ടാൻ നൽകേണ്ടത്. സ്വന്തം മണ്ഡലത്തിലാണ് ഡ്യൂട്ടിയെങ്കിൽ 12എ ഫോമും മറ്റൊരു മണ്ഡലത്തിലാണെങ്കിൽ ഫോം 12 ഉം നൽകണം. ഡ്യൂട്ടിയുള്ള അസംബ്ലി, പാർലമെന്റ് മണ്ഡലം എന്നിവ ഇതിൽ രേഖപ്പെടുത്തണം. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പരിശീലന ക്ലാസിൽ ഇക്കാര്യം അറിയിക്കുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ രണ്ടാംഘട്ട ക്ലാസ് എവിടെയാണെന്ന അറിയിപ്പ് വൈകുന്നതാണ് പ്രശ്നം. കളക്ടറേറ്റിലോ ആർഡിഒ ഓഫീസിലോ നേരിട്ടെത്തി അപേക്ഷ നൽകണമെന്നാണ് ഡെപ്യൂട്ടി കളക്ടറുടെ ഉത്തരവിലുള്ളതത്രേ.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരിശീലന ക്ലാസിൽ വച്ചായിരുന്നു അപേക്ഷ നൽകിയുന്നത്. സ്വന്തം മണ്ഡലത്തിൽ ഡ്യൂട്ടി ലഭിക്കുന്നവർക്ക് അവിടത്തെ ബൂത്തിൽ വോട്ടു ചെയ്യാനാകും. മറ്റു മണ്ഡലങ്ങളിലാണ് ഡ്യൂട്ടിയെങ്കിൽ തിരഞ്ഞെടുപ്പിനു മുമ്പ് ഇവർക്കായി ഒരു സ്ഥലത്ത് വോട്ടു ചെയ്യാൻ അവസരമൊരുക്കും. ഇതിനുള്ള സൗകര്യമുണ്ടാകുമെന്ന് അറിയിച്ചതല്ലാതെ മറ്റ് അറിയിപ്പുകളൊന്നും ഇതുവരെ കിട്ടിയിട്ടില്ല. സംസ്ഥാനതല നിർദേശമായതിനാൽ മറ്റൊന്നും ചെയ്യാനാകില്ല എന്നാണ് അധികൃതരുടെ മറുപടി. എന്നാൽ പരിശീലന ക്ലാസിൽത്തന്നെ അപേക്ഷ സ്വീകരിക്കണമെന്നും ഇതിനുള്ള തീയതി നീട്ടണമെന്നുമാണ് അധ്യാപകരുടെ ആവശ്യം.