
ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം: പോലീസ് കേസെടുത്തു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയവർക്കെതിരെ കേസ്. ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കരുതെന്നും അഴിമതിയാണ് ദുരിതാശ്വാസനിധിയിൽ നടക്കുന്നതെന്നുമാണ് ചിലർ പ്രചരിപ്പിച്ചത്.
വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയ്ക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് 14 എഫ്ഐ ആർ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള 194 പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടെത്തി.തുടർന്ന് അവ റിമൂവ് ചെയ്യാനായി സാമൂഹ്യമാധ്യമങ്ങൾക്ക് പോലീസ് നോട്ടീസ് നല്‍കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെയുള്ള വ്യാജപ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിന് സാമൂഹ്യമാധ്യമങ്ങളില്‍ സൈബര്‍ പൊലീസ് നിരീക്ഷണം നടത്തുന്നുണ്ട്. ഈ വിധം പോസ്റ്റുകള്‍ ചെയ്താലും ഷെയര്‍ ചെയ്താലും നിയമനടപടികൾ നേരിടേണ്ടിവരുമെന്നും പോലീസ് അറിയിക്കുന്നു.
