
നട്ടം തിരിഞ്ഞ് ജനം, കനിവില്ലാതെ റെയിൽവേ
- ട്രെയിൻ യാത്രക്കിടയിൽ അനുഭവിച്ച പ്രയാസങ്ങൾ വിവരിച്ച് എക്സിൽ കുറിപ്പിട്ട യുവാവിന് 139 എന്ന നമ്പറിൽ വിളിച്ച് പരാതി പറയാൻ റെയിൽവേ സേവയുടെ നിർദേശം
ട്രെയിൻ യാത്ര വലിയ ബുദ്ധിമുട്ടിലേക്ക് നീങ്ങികൊണ്ടിരിക്കുന്നുവെന്നാണ് യാത്രക്കാരുടെ പരാതി. റിസർവ്ഡ് കോച്ചും എസി കോച്ചും ഇപ്പോൾ ഒരുപോലെ യാത്രക്കാരെകൊണ്ട് നിറയുന്നു.റിസർവേഷൻ കിട്ടിയാൽ സീറ്റ് കിട്ടിയെന്ന് കരുതാൻ വകയില്ല.കാരണം തിരക്കിൽപ്പെട്ട് സ്വന്തം സീറ്റിലേക്ക് എത്താൻ ഏറെ കഷ്ടപ്പെടുന്നുവെന്ന് അനുഭവസ്ഥർ പറയുന്നു. ഇത്തരത്തിൽ ദിനംപ്രതി അനേകം പരാതികൾ വന്നുകൊണ്ടിരിക്കുന്നു.
അതേ സമയം ഒരു ട്രെയിൻ യാത്രക്കാരൻ പങ്കുവച്ച ട്വീറ്റാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.യാത്രയ്ക്കിടെ മകളെ രക്ഷിക്കാൻ ശ്രമിക്കവെ ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ അമ്മയെ കുറിച്ചാണ് ആ ട്വീറ്റ്.
‘തേർഡ് എസി കോച്ചുകളുടെ ശോചനീയാവസ്ഥ ഞാൻ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുകയാണ്. ഇന്ന്, ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ സഹോദരിക്ക് ഒരു വേദനാജനകമായ അനുഭവമാണുണ്ടായത്. വാതിലിന് സമീപം തിരക്കായതിനാൽ അവൾക്ക് ട്രെയിനിന്റെ അകത്ത് കടക്കാനായില്ല. അവളുടെ കുട്ടി പ്ലാറ്റ്ഫോമിലായിപ്പോയി. തൻ്റെ കുട്ടിയെ സംരക്ഷിക്കാനായി ഓടുന്ന ട്രെയിനിൽ നിന്നും അവൾ ചാടി ഇറങ്ങുകയായിരുന്നു… എന്നാണ് ട്വീറ്റ്.രഞ്ജിത്ത് ജെയിൻ എന്ന യൂസറാണ് ട്രെയിനിൽ തന്റെ സഹോദരിക്കുണ്ടായ ദുരനുഭവം എക്സിൽ (ട്വിറ്ററിൽ) ഇങ്ങനെ പങ്കുവച്ചിരിക്കുന്നത്. അതിൽ പറയുന്നത് തിരക്കുള്ള ട്രെയിനിൽ കേറുന്നതിനിടെ തൻ്റെ സഹോദരിക്ക് അപകടം സംഭവിച്ചത് എന്നാണ്.
പണം മുടക്കി ടികെറ്റ് എടുക്കുന്ന യാത്രക്കാർക്ക് അടിസ്ഥാന ആവിശ്യങ്ങൾ പോലും നിഷേധിക്കുന്നതിനെക്കുറിച്ചും പോസ്റ്റിൽ പറയുന്നുണ്ട്. യാത്രയിൽ ലഭിക്കേണ്ട അടിസ്ഥാന ആവശ്യമായ
ശുചിമുറി സൗകര്യങ്ങൾ പോലും ട്രെയിനിൽ ലഭിക്കുന്നില്ല എന്നും
ടിക്കറ്റില്ലാത്ത യാത്രക്കാരുടെ സീററ് കൈയേറുന്നതിനാൽ ട്രെയിനിലെ സ്ഥിതിഗതികൾ മോശമാവുന്നു എന്നും കുറിപ്പിൽ പറയുന്നു . സാധാരണക്കാരുടെ ഇത്തരം യാത്രാപ്രശ്‌നങ്ങൾ പരിഹരിക്കാൻ എത്രയും പെട്ടെന്ന് റെയിൽവേ പൊലീസിനെയോ ടിക്കറ്റ് ചെക്കറെയോ അയക്കുക’ എന്നും പോസ്റ്റിൽ അദ്ദേഹം പറയുന്നു.
എന്നാൽ തങ്ങൾ ഇതെല്ലാം കാണുന്നുണ്ട് എന്ന മട്ടിലാണ് റെയിൽവേ സേവ ഇതിന് മറുപടി നൽകിയത്. എന്തെങ്കിലും വൈദ്യസഹായം ആവശ്യമെങ്കിൽ മെസ്സേജ് വഴി മൊബൈൽ നമ്പർ നൽകാനാണ് സേവ പറയുന്നത്. http://railmadad.indianrailways.gov.in എന്ന വിലാസത്തിലേയ്ക്ക് ഇമെയ്ൽ ചെയ്യുകയോ 139 എന്ന നമ്പറിൽ വിളിച്ച് പരാതി അറിയിക്കുകയോ ആണെങ്കിൽ ഉടനടി പരിഹാരമുണ്ടാകുമെന്നും മറുപടിയിൽ പറയുന്നു.
തീവണ്ടികളിലെ നരകജീവിതം
കോഴിക്കോട്, കൊയിലാണ്ടി, വടകര തുടങ്ങി എല്ലാ സ്റ്റേഷനിലും പതിവിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത് എന്ന് യാത്രക്കാർ പറയുന്നു. ചിലർ ഫെസ്റ്റിവൽ സീസൺ ആയതിനാൽ മാത്രമാണ് തിരക്കെന്ന് പറയുന്നുണ്ടെങ്കിലും പ്രശ്നം അതല്ല എന്നും കോച്ചുകളുടെ എണ്ണം കുറവായതിനാലാണ് തിരക്ക് എന്നും കോച്ചുകളുടെ എണ്ണം വർധിപ്പിക്കാൻ റെയിൽവേ നടപടി സ്വീകരിക്കണമെന്നും സ്ഥിരം യാത്രക്കാർ ആവിശ്യപ്പെടുന്നു.