
നടൻ ആസിഫ് അലിയുടെ പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം
- വർഗ്ഗീയ പരാമർശത്തോടെയുള്ള കുറിപ്പ് വ്യാജമാണെന്നും തെറ്റായ കാര്യങ്ങൾ തന്റെ പേരിൽ പ്രചരിപ്പിക്കുകയാണെന്നും താരം വ്യക്തമാക്കി
കൊച്ചി: നടൻ ആസിഫ് അലിയുടെ പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം. വർഗ്ഗീയ പരാമർശമുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി ആസിഫ് അലി രംഗത്തെത്തി. ഇത്തവണ കൂടി യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ മുസ്ലീം ലീഗ് ഇല്ലാതാകുമെന്നും, സംഘപരിവാർ എന്താണ് മുസ്ലിംകളോട് ചെയ്തതെന്ന് തൻ്റെ ബിടെക് എന്ന സിനിമയിൽ പറഞ്ഞിട്ടുണ്ടെന്നും ആസിഫലി പറഞ്ഞതായാണ് വ്യാജ പ്രചാരണം നടന്നത്.

പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത് മട്ടാഞ്ചേരി കള്ളപ്പണ മാഫിയ പടങ്ങളിൽ അഭിനയിക്കുന്ന സുഡാപ്പിയെന്ന് ആക്ഷേപിച്ചുകൊണ്ടാണ്.എന്നാൽ തെറ്റായ അഭിപ്രായങ്ങൾ പ്രചരിപ്പിക്കാൻ, അത് മറ്റൊരാളുടെ പേരിൽ കെട്ടിവെയ്ക്കുന്നത് നിയമപരമായി കുറ്റകരവും അങ്ങേയറ്റം ലജ്ജാകരവുമാണെന്ന് ആസിഫലി പറഞ്ഞു. വർഗ്ഗീയ പരാമർശത്തോടെയുള്ള കുറിപ്പ് വ്യാജമാണെന്നും തെറ്റായ കാര്യങ്ങൾ തന്റെ പേരിൽ പ്രചരിപ്പിക്കുകയാണെന്നും താരം വ്യക്തമാക്കി .
