
നിപ ബാധിത മേഖലകളിൽ വൈറസ് സാന്നിധ്യം വീണ്ടും
- വവ്വാൽ സ്രവങ്ങളുടെ പരിശോധനാഫലങ്ങളിലാണ് വൈറസ് സാന്നിധ്യം സ്ഥിതീകരിച്ചത്
- മുൻകരുതൽ വേണമെന്ന് എൻഐവി പഠനം
കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം വീണ്ടും വയനാട് കോഴിക്കോട് ജില്ലകളിലെ പഴംതീനി വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം. വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച് പഠന റിപ്പോർട്ട് വന്നു . പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) ഗവേഷകർ 2023 ഫെബ്രുവരി, ജൂലായ്, സെപ്റ്റംബർ മാസങ്ങളിൽ നിപബാധിതമേഖലകളിൽനിന്ന് ശേഖരിച്ച വവ്വാൽ സ്രവങ്ങളുടെ പരിശോധനാഫലങ്ങളിലാണ് വൈറസ് സാന്നിധ്യം സ്ഥിതീകരിച്ചത്.
വൈറസ് മനുഷ്യരിലേക്ക് ഏതുവിധത്തിലാണ് പകരുന്നതെന്ന് വ്യക്തമാകാൻ തുടർപഠനം ആവശ്യമാണെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. 44 വവ്വാലുകളുടെ കരളിൽനിന്നും പ്ലീഹയിൽനിന്നും ശേഖരിച്ച സാംപിളുകളിൽ നാലെണ്ണത്തിൽ വൈറസ് സാന്നിധ്യം കണ്ടെത്തി. മുമ്പ് കേരളത്തിൽ കണ്ടെത്തിയ നിപ വൈറസുമായി 99 ശതമാനം ജനിതകസാമ്യമുള്ളവയാണ് ഇപ്പോൾ തിരിച്ചറിഞ്ഞ വൈറസെന്നും പഠനത്തിൽ വ്യക്തമായി.
കോഴിക്കോട് ജില്ലയിലെ പേരാ മണാശ്ശേരി, കുറ്റ്യാടി, കള്ളാട്, തളീക്കര, വയനാട് ജില്ലയിലെ മാനന്തവാടി എന്നിവിടങ്ങളിൽ നിന്നാണ് വവ്വാലുകളുടെ സ്രവങ്ങൾ ശേഖരിച്ചത്. 272 വവ്വാലുകളുടെ സ്രവങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ 20.9 ശതമാനത്തിൽ നിപ വൈറസ് ആൻ്റിബോഡി സാന്നിധ്യമുണ്ടായിരുന്നു.
മുൻവർഷങ്ങളിൽ നടത്തിയ പരിശോധനകളിലും മേഖലയിലെ
വവ്വാലുകളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
2018, 19, 21, 23 വർഷങ്ങളിലാണ് കേരളത്തിൽ നിപ രോഗബാധയുണ്ടായത്.
കേരളത്തിലെ നിപബാധയിൽ വൈറസ് വവ്വാലുകളിൽ നിന്ന് എങ്ങനെ മനുഷ്യരിലെത്തുന്നുവെന്നത് ഇതുവരെയും വ്യക്തമായിട്ടില്ല. ആയതിനാൽ വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കുന്നതിലൂടെ മനുഷ്യർക്ക് രോഗം പകരാൻ സാധ്യതയുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണവുമില്ല. രോഗപ്രതിരോധ പ്രവർത്തനങ്ങൾ വിജയത്തിലെത്താൻ രോഗം വരുന്നവഴി വ്യക്തമാകണമെന്ന് വനംവകുപ്പ് മുൻ അസിസ്റ്റൻ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സത്യൻ ചൂണ്ടിക്കാട്ടി.