
നെൽകൃഷിയിൽ നൂറ് മേനി വിജയം കൊയ്ത് കതിർ പാട സമിതി
- ഹ്രസ്വകാല വിളയായ ഭദ്ര നെൽവിത്ത് കൃഷി ചെയ്തുകൊണ്ടാണ് പാടശേഖര സമിതി വിജയം നേടിയത്
- ഒമ്പത് ഏക്കറിലധികം വരുന്ന കൃഷി സ്ഥലത്ത് 40 ഓളം കർഷകരാണ് കൃഷി ചെയ്യുന്നത്
കുറ്റ്യാടി: നെൽകൃഷിയിൽ പരീക്ഷണവുമായിറങ്ങി വിജയം കൊയ്ത് വടയം കതിർ പാടശേഖരസമിതി. ഹ്രസ്വകാല വിളയായ ഭദ്ര നെൽവിത്ത് കൃഷി ചെയ്തുകൊണ്ടാണ് പാടശേഖര സമിതി വിജയം നേടിയത്. സാധാരണ നെൽകൃഷിയിൽ നിന്ന് വ്യത്യസ്തമായി മൂന്നോ നാലോ മാസം കൊണ്ട് വിളവെടുപ്പ് നടത്താൻ കഴിയുന്ന ഇനമാണ് ഭദ്ര നെല്ലിനം.
ഒമ്പത് ഏക്കറിലധികം വരുന്ന കൃഷി സ്ഥലത്ത് 40 ഓളം കർഷകരാണ് കൃഷി ചെയ്യുന്നത്. പാലക്കാട് ചിറ്റൂരിൽ നിന്നാണ് കർഷകർക്ക് ആവശ്യമായ വിത്ത് കൊണ്ടുവന്നത്. പാടശേഖരത്തിൽ ഇരുപ്പൂ കൃഷി ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വിത്തിനത്തിന്റെ പരീക്ഷണം നടത്തിയത്. ഇതുവരെ മേഖലയിലെ കർഷകർ മുണ്ടകൻ ഇനമായിരുന്നു കൃഷി ചെയ്തത്. ഒരു വർഷം ദൈർഘ്യമുള്ള കൃഷിയായതുകൊണ്ട് ഇത്തരം കർഷകർക്ക് കൃഷി വകുപ്പ് മുഖേന ആനുകൂല്യം ലഭിക്കുന്നതിലും തടസമുണ്ടായിരുന്നു. ഇതേ തുടർന്നാണ് പുതിയ പരീക്ഷണത്തിന് കർഷകർ തയ്യാറായത്. ഭദ്ര ഇനം നെൽവിത്ത് വിതക്കൽ ഗ്രാമപഞ്ചായയത്ത് പ്രസിഡന്റ് ഒ.ടി.നഫീസ ഉദ്ഘാടനം ചെയ്തു.