
പച്ചബൈക്കിൽ പ്രകൃതിയിലേക്കൊരു ജീവിതയാത്ര
- നെല്ലിയോട്ട് ബഷീർ
ശോഭീന്ദ്രൻ മാഷിന് ബൈക്ക് ഒരു വാഹനമായിരുന്നില്ല; പ്രകൃതിയിലേക്കും മനുഷ്യരിലേക്കും ഓടിയെത്താനുള്ള ചിറകായിരുന്നു.
ചില മനുഷ്യർ യാത്ര ചെയ്യുന്നത് ദൂരങ്ങൾ താണ്ടാനാണ്. എന്നാൽ ചിലർ യാത്ര ചെയ്യുന്നത് ലോകത്തെ കുറച്ചുകൂടി പച്ചപ്പുള്ളതാക്കാനാണ്. പ്രൊഫ. ടി. ശോഭീന്ദ്രൻ മാഷ് അങ്ങനെയൊരാളായിരുന്നു. പച്ചഷർട്ടും പച്ചബൈക്കും പ്രകൃതിയോടുള്ള അഗാധമായ സ്നേഹവും ചേർന്നപ്പോൾ അദ്ദേഹം വെറുമൊരു പരിസ്ഥിതി പ്രവർത്തകനായിരുന്നില്ല;മലയാളിയുടെ മനസ്സിൽ മായാത്തൊരു പച്ചമനുഷ്യനായി മാറുകയായിരുന്നു.
അദ്ദേഹത്തിന്റെ ജീവിതത്തിൽ ബൈക്കിന് വലിയൊരു സ്ഥാനമുണ്ടായിരുന്നു.‘‘ഇന്നത്തെ ജീവിതത്തിന് സ്‌പീഡ് അത്യാവശ്യമാണ്. അതിനു കാലുകൾ മതിയാവില്ലെന്നതു കൊണ്ടുതന്നെ ചക്രങ്ങൾ വേണം. എഴുത്തുകാരന് പേന എന്നതു പോലെ സാമൂഹിക പ്രവർത്തകന് ബൈക്ക് അത്യാവശ്യമാണെന്നാണ് അനുഭവം. ബൈക്കില്ലാതിരുന്ന അവസരങ്ങൾ കാലില്ലാത്തതു പോലെയാണ് തോന്നിയിട്ടുള്ളത്” ശോഭീന്ദ്രൻ മാഷ് ഒരിക്കൽ പറയുകയുണ്ടായി.
1977-ൽ വാങ്ങിയ ഇറ്റാലിയൻ ലാംബ്രട്ട സ്കൂട്ടറിലായിരുന്നു ഇരുചക്രയാത്രയുടെ തുടക്കം.പിന്നീട് 1981-ൽ സ്വന്തമാക്കിയ മിലിട്ടറി പച്ചനിറത്തിലുള്ള രാജ്ദൂത് ബൈക്ക് അദ്ദേഹത്തിന്റെ ഹരിതജീവിതത്തിന്റെ അടയാളമായി. ആ ബൈക്കിന്റെ പിന്നിൽ കയറ്റാത്ത സാധനങ്ങളില്ലായിരുന്നു,വൃക്ഷത്തൈകൾ മുതൽ ചൂലും കൈക്കോട്ടും ഏണിയും വരെ! പ്രകൃതിയെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ആ ഇരുചക്രവാഹനം ഒരു സഞ്ചരിക്കുന്ന ഉപകരണമായി മാറി.
ആ ബൈക്കിന്റെ യാത്രകൾക്ക് വഴികളുടെയും ലക്ഷ്യസ്ഥാനങ്ങളുടെയും അതിരുകളുണ്ടായിരുന്നില്ല. മഴയത്ത് തളിർക്കുന്ന മരങ്ങൾക്കരികിലേക്കും തണൽ തേടുന്ന മനുഷ്യർക്കരികിലേക്കും പ്രകൃതിയെ സ്നേഹിക്കുന്ന കൂട്ടായ്മകളിലേക്കും അത് ഓടിയെത്തി. പരിസ്ഥിതി സംരക്ഷണം പ്രസംഗിക്കാനുള്ള വിഷയമല്ലെന്നും ജീവിതത്തിൽ പകർത്തേണ്ട ഉത്തരവാദിത്വമാണെന്നും മാഷ് സ്വന്തം യാത്രകളിലൂടെ പഠിപ്പിച്ചു.
ആ ബൈക്കിന്റെ പിന്നിലിരുന്ന് കേരളത്തിന്റെ വഴികളിലൂടെ യാത്ര ചെയ്ത മറ്റൊരു മനുഷ്യനുണ്ടായിരുന്നു,സംവിധായകൻ ജോൺ എബ്രഹാം.സൗഹൃദവും സിനിമയും ജീവിതവും ഇഴചേർന്ന ആ യാത്രകൾ കേരളത്തിന്റെ പല ദേശങ്ങളിലേക്കും നീണ്ടു. അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ തുടങ്ങി മലയാള സിനിമയിലെ പ്രമുഖരുമായുള്ള പരിചയങ്ങൾക്കും ഈ യാത്രകൾ വഴിയൊരുക്കി.പണവും സൗകര്യങ്ങളും കുറവായിരുന്നപ്പോഴും സൗഹൃദത്തിന്റെ ഇന്ധനമുണ്ടെങ്കിൽ യാത്ര തുടരാമെന്ന് അവർ തെളിയിച്ചു.
പക്ഷേ, ആ യാത്രകൾക്ക് അപകടങ്ങളുടെ കയ്പും ഉണ്ടായിരുന്നു. 2005-ൽ കോഴിക്കോട് സ്റ്റേഡിയം ജങ്ഷനിൽ ബസിടിച്ച് മാഷിന് ഗുരുതരമായി പരിക്കേറ്റു. നട്ടെല്ലുൾപ്പെടെ എട്ട് എല്ലുകൾക്ക് പരിക്കേറ്റതിനെത്തുടർന്ന് ദീർഘകാലം ചികിത്സയിൽ കഴിയേണ്ടിവന്നു. എങ്കിലും, ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോൾ അദ്ദേഹം പ്രകൃതിയോടുള്ള സ്നേഹം ഉപേക്ഷിച്ചില്ല. വീണ്ടും ബൈക്ക് വാങ്ങി, പച്ചനിറമടിച്ച് തന്റെ ഹരിതയാത്രകൾ തുടർന്നു.

ശോഭീന്ദ്രൻ മാഷിന്റെ ബൈക്ക് ഓടിയത് പെട്രോൾ കൊണ്ടുമാത്രമായിരുന്നില്ല; പ്രകൃതിയോടുള്ള സ്നേഹവും മനുഷ്യരോടുള്ള കരുതലുമായിരുന്നു അതിന്റെ യഥാർഥ ഇന്ധനം. ആ ചക്രങ്ങൾ കറങ്ങിയത് റോഡുകളിലൂടെ മാത്രമല്ല, ഒരു തലമുറയുടെ മനസ്സുകളിലൂടെയുമാണ്.
ഇന്ന് ആ പച്ചമനുഷ്യൻ ഓർമയാകുമ്പോൾ, വഴിയോരങ്ങളിൽ അദ്ദേഹം നട്ടുപിടിപ്പിച്ച പച്ചപ്പിനൊപ്പം ആ പച്ചബൈക്കും നമ്മുടെ മനസ്സിൽ ഓടിക്കൊണ്ടിരിക്കുന്നു. ചില യാത്രകൾ അവസാനിച്ചാലും അവ ഉയർത്തുന്ന സന്ദേശങ്ങൾ അവസാനിക്കില്ല.
മാഷേ, അങ്ങയുടെ പച്ചബൈക്ക് നിലച്ചിരിക്കാം; പക്ഷേ അങ്ങ് തെളിച്ച പച്ചവെളിച്ചം ഇനിയും അണഞ്ഞിട്ടില്ല.
