
പണിമുടക്കി ഓട്ടോ തൊഴിലാളികൾ
- പൂക്കാട് ഓട്ടോ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടന്നത്
- ഓട്ടോ സ്റ്റാൻഡും,റോഡ് നന്നാക്കുകയും വേണമെന്ന് തൊഴിലാളികൾ
കൊയിലാണ്ടി : പൂക്കാട് ഭാഗത്തെ ഓട്ടോ തൊഴിലാളികൾ ഇന്ന് പണിമുടക്കി. പൂക്കാട് കേന്ദ്രീകരിച്ചുള്ള റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമുണ്ടാകാത്തതിൽ പ്രതിഷേധിച്ചും റോഡ് പണിയെതുടർന്ന് ഓട്ടോ സ്റ്റാറ്റൻഡ് നഷ്ടപ്പെട്ടതും ചൂണ്ടികാട്ടിയാണ് ഇന്ന് സൂചനാ പണിമുടക്ക് നടത്തിയത്. ഹൈവേ റോഡ് പണി നടക്കുന്നതിനാൽ ഓട്ടോ സ്റ്റാൻന്റ് നഷ്ടപെട്ടത് ഇരുന്നൂറോളം വരുന്ന ഓട്ടോ തൊഴിലാളികളെ വലിയ രീതിയിൽ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും തൊഴിലാളികൾ പറയുന്നു.
പൂക്കാട് ഓട്ടോ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടന്നത്. പൂക്കാട് സ്റ്റാൻറിൽ നിന്നുള്ള ഓട്ടോകൾ ഒന്നും തന്നെ ഇന്ന് സർവ്വീസ് നടത്തിയില്ല. പൂക്കാട് നിന്നും തുടങ്ങുന്ന കാപ്പാട്, തുവ്വപ്പാറ റോഡിന്റെ ശോചനീയാവസ്ഥയും, ഓട്ടോ സ്റ്റാറ്റൻഡ് ഇല്ലാത്തതും വലിയ രീതിയിൽ ഓട്ടോ തൊഴിലാളികൾക്ക് പ്രശ്നമാകുന്നുണ്ട്.
കോഴിക്കോട്ടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ കാപ്പാട് ബീച്ചിലേക്ക് പോകാൻ വലിയൊരു വിഭാഗം ആളുകൾ ആശ്രയിക്കുന്ന റോഡിന്റെ അവസ്ഥ വളരെ മോശമായി തുടരുന്ന സാഹചര്യത്തിൽ സർവീസ് നടത്താൻ ബുദ്ധിമുട്ടാണെന്ന് തൊഴിലാളികൾ പറയുന്നു.
ജലജീവൻ മിഷനുവേണ്ടിയുള്ള പൈപ്പിടൽ പ്രവൃത്തിയ്ക്കായി പലഭാഗവും കുഴിയെടുത്തതോടെ റോഡിന്റെ സ്ഥിതി കൂടുതൽ മോശമായെന്നും ഓട്ടോ തൊഴിലാളികൾ ചൂണ്ടികാട്ടി. പലതവണ പ്രശ്നം കാണിച്ച് പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഉടൻ പ്രശ്നപരിഹാരം കണ്ടില്ലെങ്കിൽ സർവ്വീസ് നടത്തില്ല എന്ന് തൊഴിലാളികൾ വ്യക്തമാക്കി.