
പത്മനാഭ സ്വാമി ക്ഷേത്രം വിലപിടിപ്പുള്ള വസ്തുക്കളും മറ്റും കാണാതായെന്ന പോലീസ് റിപ്പോർട്ടിൽ ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ
- സംസ്ഥാന പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ട് അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി
തിരുവനന്തപുരം :പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച സ്വർണ്ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കാണാതായെന്ന പോലീസ് റിപ്പോർട്ടിൽ ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു. സംസ്ഥാന പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ട് അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ ആഭ്യന്തര വകുപ്പുമായി ചർച്ച നടത്തിയ ശേഷം അന്വേഷണം പ്രഖ്യാപിക്കുമെന്നും ഒരു കാരണവശാലും ക്ഷേത്ര സ്വത്തുക്കൾ നഷ്ടപ്പെടാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ക്ഷേത്ര സ്വത്ത് അപഹരിക്കാൻ ആരെയും അനുവദിക്കില്ലെന്നാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം അറിയിച്ചു.

പോലീസിന്റെ കണ്ടെത്തലുകളെ പൂർണ്ണമായും തള്ളിക്കൊണ്ട് ക്ഷേത്ര ഭരണസമിതിയും തിരുവിതാങ്കൂർ രാജകുടുംബവും രംഗത്തെത്തിയിട്ടുണ്ട്. രാജകുടുംബവുമായി ബന്ധമുള്ളവർ സുരക്ഷാ പരിശോധനയില്ലാതെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നുണ്ടെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്ന് രാജകുടുംബാംഗങ്ങൾ വ്യക്തമാക്കി. തങ്ങളെ ബോധപൂർവം മോശക്കാരാക്കാനുള്ള പോലീസിന്റെ ശ്രമമാണിതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
