
പത്രിക സമർപ്പണം നൽകി തുടങ്ങി
- കളക്ടറേറ്റിലാണ് ഇരുമണ്ഡങ്ങളിലേക്കുമുള്ള നാമനിർദേശപത്രിക സ്വീകരിക്കുക
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനായി നാമനിർദേശപത്രിക നൽകിത്തുടങ്ങി സ്ഥാനാർഥികൾ. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലാണ് ജില്ലയിലെ ആദ്യപത്രിക. എസ് യുസിഐ (കമ്യൂണിസ്റ്റ്) സ്ഥാനാർഥി ഡോ. എം. ജ്യോതിരാജ്, കളക്ടർ സ്നേഹിൽകുമാർ സിങ്ങിന് പത്രിക നൽകി.വി.കെ. സദാനന്ദൻ, കെ.പി. സജി, പി.എം. ശ്രീകുമാർ, കെ.എം. ബീവി എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു. കോഴിക്കോട് മണ്ഡലത്തിന്റെ വരണാധികാരി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻകൂടിയായ കളക്ടർ സ്റ്റേഹിൽകുമാർ സിങ്ങും ഉപവരണാധികാരി സബ് കളക്ടർ ഹർഷിൽ ആർ. മീണയുമാണ്. എ.ഡി.എം. കെ. അജീഷാണ് വടകര മണ്ഡലത്തിൻ്റെ വരണാധികാരി. ഉപവരണാധികാരി വടകര ആർഡിഒപി അൻവർ സാദത്ത്.
കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എം.കെ. രാഘവൻ 30-ന് പത്രിക നൽകും. എൽഡിഎഫ് സ്ഥാനാർഥി എളമരം കരീം, എൻഡിഎ സ്ഥാനാർഥി എം.ടി. രമേശ് എന്നിവർ ഏപ്രിൽ മൂന്നിനാണ് പത്രിക നൽകുക. വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലും എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയും ഏപ്രിൽ മൂന്നിന് പത്രിക നൽകും.
കളക്ടറേറ്റിലാണ് ഇരുമണ്ഡങ്ങളിലേക്കുമുള്ള നാമനിർദേശപത്രിക സ്വീകരിക്കുക. രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെയാണ് പത്രിക സ്വീകരിക്കുന്നത്.ഏപ്രിൽ നാലാണ് അവസാന തീയതി.നെഗോഷ്യബിൾ ഇൻസട്രൂമെൻ്റ്സ് ആക്ട് പ്രകാരം അവധിദിനങ്ങളായ മാർച്ച് 29, 31, എപ്രിൽ ഒന്ന് തീയതികളിൽ പത്രിക നൽകൽ ഉണ്ടാവില്ല. ഏപ്രിൽ അഞ്ചിനാണ് സൂക്ഷ്മപരിശോധന. ഏപ്രിൽ എട്ടാണ് പിൻവലിക്കാനുള്ള അവസാന തീയതി.