പന്തലായനിയിലെ യാത്ര ക്ലേശത്തിന് പരിഹാരമായി അണ്ടർ പാസ്സ് നിർമ്മിക്കണം; ഷാഫി പറമ്പിൽ എംപി

പന്തലായനിയിലെ യാത്ര ക്ലേശത്തിന് പരിഹാരമായി അണ്ടർ പാസ്സ് നിർമ്മിക്കണം; ഷാഫി പറമ്പിൽ എംപി

  • നാഷണൽ ഹൈവേ അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർക്കും ഷാഫി പറമ്പിൽ നിവേദനത്തിൻ്റെ കോപ്പി അയച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ബൈപ്പാസ് നിർമ്മാണത്തോടെ പന്തലായിനി നിവാസികൾ അനുഭവിക്കുന്ന യാത്രാ ക്ലേശത്തിന് പരിഹാരമായി, അനുയോജ്യമായ സ്ഥലത്ത് അണ്ടർപാസ് അനുവദിക്കണമെന്ന് ഷാഫി പറമ്പിൽ എംപി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. നാഷണൽ ഹൈവേ അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർക്കും ഷാഫി പറമ്പിൽ നിവേദനത്തിൻ്റെ കോപ്പി അയച്ചു.

കൊയിലാണ്ടി ബൈപ്പാസ്സിൻ്റെ നിർമ്മാണം പൂർത്തിയായി കഴിഞ്ഞാൽ പന്തലായനി, വിയ്യൂർ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുപയോഗിക്കുന്ന വിയ്യൂർ-പന്തലായനി-കൊയിലാണ്ടി റോഡ് പെരുവട്ടൂർ-പന്തലായനി-കൊയിലാണ്ടി റോഡ് കാട്ടുവയൽ- പന്തലായനി ജി.എച്ച്.എസ് സ്‌കൂൾ റോഡ് തുടങ്ങി നിരവധി റോഡുകൾ യാത്രായോഗ്യമല്ലാതാകുകയാണ്.

നാലായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന പന്തലായനി ഹയർ സെക്കൻ്ററി സ്‌കൂൾ, കൊയിലാണ്ടി ഹയർ സെക്കന്ററി സ്‌കൂൾ, പന്തലായനി ബി.ഇ.എം സ്‌കൂൾ, കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ, കൊയിലാണ്ടി താലൂക്ക് ആശുപത്രി, മിനി സിവിൽ സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ തുടങ്ങി നിരവധി പൊതുസ്ഥാപനങ്ങളിലേക്ക് എത്തിച്ചേരേണ്ട വിദ്യാർത്ഥികളും ബഹുജനങ്ങളും ആശ്രയിക്കുന്ന ഈ റോഡുകളിലെ ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയാണ് ഉണ്ടാവുന്നത്.

ഇതിന് പരിഹാരമായി മേൽപ്പറഞ്ഞ റോഡുകൾക്ക് പൊതുവായി ബൈപ്പാസ്സിന് കുറുകെ ഒരു അണ്ടർപ്പാസ് നിർമ്മിക്കേണ്ടത് അനിവാര്യമാണ്. ഇതിൻ്റെ നിർമ്മാണം മുൻഗണന നൽകിക്കൊണ്ട് ബന്ധപ്പെട്ട ഏജൻസികളുടെ സഹകരണത്തോടെ നടപ്പിലാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കലക്ടറോട് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )