എം.എ.യൂസഫലിയോട് കോഴിക്കോട്ടുകാർക്ക് പറയാനുള്ളത്…

എം.എ.യൂസഫലിയോട് കോഴിക്കോട്ടുകാർക്ക് പറയാനുള്ളത്…

ജമാൽ എഴുതുന്നു ✍🏽

കോഴിക്കോട്ടെ ലുലുമാൾ ഉദ്ഘാടനത്തിന് സജ്ജമാവുകയാണ്…
മാളും അതിൻ്റെ സംസ്കാരവും നന്നായി അറിയുകയും അനുഭവിക്കുകയും ചെയ്യുന്നവരാണ് നമ്മുടെ നാട്ടുകാർ. അത്കൊണ്ട് തന്നെ ലുലു മാളിലും ആളുകൾ ഒഴുകിയെത്തും.

സന്തോഷം തോന്നുന്ന അവസരമാണെങ്കിലും ഇന്നാട്ടുകാർ ഒരാശങ്കയിലാണ്,
മീഞ്ചന്ത മുതൽ മാവൂർ റോഡ് വരെയുള്ള മിനി ബൈപ്പാസിൽ ഉണ്ടാവാനിടയുള്ള ട്രാഫിക് ബ്ലോക്കിനേക്കുറിച്ചോർത്ത്. ഇപ്പോൾത്തന്നെ മീഞ്ചന്ത മിനി ബൈപ്പാസ് ജംഗ്ഷനിലും മാങ്കാവിലും വലിയ വാഹന ബ്ലോക്ക് ഉണ്ടാവാറുണ്ട്. പ്രത്യേകിച്ച് പീക്ക് അവറുകളിൽ. മറ്റ് ജില്ലകളിൽ നിന്നുൾപ്പെടെ ധാരാളം രോഗികൾ വരുന്ന മിംസ് ആശുപത്രി, കോംട്രസ്റ്റ് കണ്ണാശുപത്രി എന്നിവ പ്രവർത്തിക്കുന്നത് ഈ ഇടുങ്ങിയ റോഡിലാണ്. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലേക്കുള്ള വഴിയും ഇതുതന്നെ. അനവധി ആംബുലൻസുകളാണ് ഒരു ദിവസം ഇതിലൂടെ ജീവനും കൊണ്ട് ചീറിപ്പായുന്നത്. എല്ലാറ്റിനുമുപരി തെക്ക് / കിഴക്ക് ഭാഗത്ത് നിന്നുള്ള എല്ലാ ബസ്സുകളും (സിറ്റി സർവീസ് ഒഴികെ) ഇതുവഴിയാണ് വരുന്നതും പോകുന്നതും. ഇനി മുതൽ ലുലുവിലേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങൾ ഉണ്ടാക്കാൻ പോകുന്ന തിരക്ക് ആലോചനയിൽ വരേണ്ടതാണ്. അധികാരികൾ ഇതൊക്കെ മുൻകൂട്ടി കണ്ടിട്ടുണ്ടാവുമെന്ന് കരുതാം.

മീഞ്ചന്തയിലെ ജങ്ഷനിലേയും റോഡിലെയും ഇടുങ്ങിയ ഭാഗം മാറ്റി പണിയുക , മാങ്കാവിൽ മേൽപാലം പണിയുക, ലുലുവിന് വേറെ ട്രാക്ക് ഒരുക്കുക, വേറെ എക്സിറ്റ് റൂട്ട് വെക്കുക, സിഗ്നൽ സംവിധാനം കാര്യക്ഷമമാക്കുക തുടങ്ങി പരിഹാരമായി കുറെ കാര്യങ്ങൾ ഏതൊരു പൗരനും തോന്നുന്നുണ്ടാവും. നഗരമധ്യത്തിൽ മാളു പണിയാൻ സാധാരണഗതിയിൽ പെർമിഷൻ കൊടുക്കാൻ പാടില്ലാത്തതാണ്. പക്ഷെ ഭരിക്കുന്നവരോട് എതിര് പറയാൻ പറ്റുന്ന സമരവീര്യം ഇപ്പോൾ നമ്മുടെ മാർക്കറ്റിലില്ലല്ലൊ.

അതിനാൽ ജനത്തിന്റെ അപേക്ഷ എം.എ. യൂസഫലിയോടാണ്. ഇവിടെ താങ്കൾ തന്നെ മുൻകൈയെടുത്ത് ഒരു പരിഹാരം കാണണം. ലുലുവിലേക്ക് വന്ന്, പോകുന്ന വാഹനങ്ങൾ കാരണം ഈ പ്രധാന റോഡിൽ അസാധാരണ വാഹന ബ്ലോക്കുണ്ടാവാതിരിക്കാനുള്ള നിർദ്ദേശമോ ഉപായമോ അങ്ങ് കണ്ടെത്തിത്തരണം.
യാത്രക്കാർ, ജോലിക്കാർ, രോഗികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ സ്ഥിരമായി യാത്ര ചെയ്യുന്ന മിനി ബൈപ്പാസിൽ ലുലു തുറന്ന് കഴിയുമ്പോൾ ഉണ്ടാവാനിടയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അങ്ങ് മുൻകൈയെടുക്കുമെന്ന് ഞങ്ങൾ, കോഴിക്കോട്ടുകാർ പ്രതീക്ഷിക്കുന്നു. ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാവരുത് കോഴിക്കോട്ടെ ലുലുമാൾ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )