പുതിയ ഇനം സസ്യത്തെ കണ്ടെത്തി കൊയിലാണ്ടിയിലെ ഗവേഷക ഋതുപർണ്ണ

പുതിയ ഇനം സസ്യത്തെ കണ്ടെത്തി കൊയിലാണ്ടിയിലെ ഗവേഷക ഋതുപർണ്ണ

  • ജൂലായ് 16ന് സ്പെയ്നിലെ മാൻഡ്രിഡിൽ ഗവേഷണത്തിൽ കണ്ടെത്തിയ സസ്യത്തേക്കുറിച്ച് ഋതുപർണ പ്രബന്ധം അവതരിപ്പിക്കും

ഹിമാലയത്തിൽ പുതിയൊരിനം സസ്യത്തെ കണ്ടെത്തിയ കൊയിലാണ്ടി സ്വദേശിനി എസ്.ബി. ഋതുപർണയുടെ നേട്ടം ശ്രദ്ധേയമാകുന്നു. ഐസറിലെ അസോസിയറ്റ് പ്രഫ. ഡോ. വിനിത ഗൗഡക്കൊപ്പം ‘ഡിഡിമോ കാർപ്പസ് ജാനകിയേ’ എന്ന സസ്യത്തെയാണ് ഗവേഷണ വിദ്യാർത്ഥിയായ ഋതുപർണ ഹിമാലയത്തിൻ്റെ സസ്യ വൈവിധ്യ ശേഖരത്തിൽ നിന്ന് കണ്ടെത്തിയത്.

പുതിയ കണ്ടെത്തലിനേപ്പറ്റി വിശദമാക്കുന്ന പ്രബന്ധം നോർഡിക് ജേർണൽ ഓഫ് ബോട്ടണിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൂലൈ 16ന് സ്പെയിനിലെ മാഡ്രിഡിൽ നടക്കുന്ന ലോക ബോട്ടണി കോൺഫറൻസിൽ ഋതുപർണ പ്രബന്ധം അവതരിപ്പിക്കും.

ആഫ്രിക്കൻ വയലറ്റ് ഫാമിലിയിൽപെടുന്ന ഡിഡിമോക്കാർപ്പസ് എന്ന ജീനസിൽ ഉൾപ്പെടുന്ന സസ്യമാണിത്. അരുണാചൽ പ്രദേശിലെ ഇന്ത്യ, ചൈന അതിർത്തിയിലെ വെസ്റ്റ് കമെങ്ങ് ജില്ലയിലെ ഉഷ്ണമേഖല വനപ്രദേശങ്ങളിൽ നിന്നാണ് സസ്യത്തെ കണ്ടെത്തിയത്. പാറക്കൂട്ടങ്ങൾക്കിടയിലാണ് ഈ ചെടി പൊതുവേ കാണുന്നത്. ഇരുപതോളം സസ്യങ്ങളെമാത്രമാണ് ഇതുവരെ കണ്ടെത്താനായത്.

കൊയിലാണ്ടിലെ മാധ്യമ, സാമൂഹ്യ പ്രവർത്തകൻ എൻ.വി.ബാലകൃഷ്ണൻറേയും നഗരസഭാ മുൻ ചെയർപേർസൺ കെ. ശാന്തയുടെയും മകളാണ് ഋതുപർണ. ഭോപാലിലെ ഐസറിൽ ഗവേഷണ വിദ്യാർഥിനിയാണ്. ഡിഡിമോ കാർപ്പസ് എന്ന ചെടിയുടെ പോളിനേഷൻ ബയോളജിയാണ് പഠനവിഷയം. ഗവേഷണത്തിനിടയിലാണ് ചെടിയിൽ പുതിയ സ്പീഷിസിനെ കണ്ടെത്തിയത്. പാലാ അൽഫോൻസ കോളജിൽ നിന്ന് ബിരുദവും മാർ ഇവാനിയാസ്‌ കോളജിൽ നിന്ന് ബിരുദാനന്ത ബിരുദവും നേടിയ ശേഷമാണ് ഗവേഷണം തുടങ്ങിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )