
പൂക്കാട് ഉപയോഗ ശൂന്യമായ കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
- കൊയിലാണ്ടി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
പൂക്കാട്: പൂക്കാട് പഴയ ടെലഫോൺ എക്സേഞ്ചിൻ്റെ പിന്നിൽ ഉപയോഗ ശൂന്യമായ കുളത്തിൽ അജ്ഞാത യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അസഹ്യമായ ദുർഗന്ധത്തെ തുടർന്നു പ്രദേശവാസികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. അഴുകി തുടങ്ങിയ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധമാണ്.

മൃതദേഹത്തിന്റെ കൂടെ ഏതാനും തുണികളും കണ്ടെത്തിയിട്ടുണ്ട്.ഏതാനും ദിവസം മുമ്പ് പൂക്കാട് ഭാഗത്ത് ചില വീടുകളിൽ മോഷണം നടന്നിരുന്നു. മോഷണ സംഘത്തിൽ ഉൾപ്പെട്ട യുവാവാണോ ഇതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സമീപപ്രദേശത്തുനിന്ന് ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
CATEGORIES News
