
പൂന്തോട്ടങ്ങൾക്കായി മാലിന്യം വഴിമാറി സ്നേഹാരാമം പദ്ധതി വിജയത്തിലേക്ക്
- സംസ്ഥാനത്ത് 3000- സ്നേഹാരാമങ്ങൾ നിർമ്മിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം
കോഴിക്കോട് : മാലിന്യത്താൽ ദുർഗന്ധം പരന്നിരുന്ന പലയിടങ്ങളും ഇപ്പോൾ സുഗന്ധ ദ്രവ്യം തോൽക്കുന്ന ഗന്ധം പരക്കുന്നു. എൻഎസ്എസിന്റെ സ്നേഹാരാമം പദ്ധതിയിലൂടെ ജില്ലയ്ക്ക് കിട്ടിയത് 250- പൂന്തോട്ടങ്ങളാണ്. മാലിന്യ കൂമ്പാരമുള്ള ഇടങ്ങൾ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ കണ്ടെത്തുകയും. പിന്നീട് കോളേജുകളിലെ എൻഎസ്എസ് യൂണിറ്റുകൾക്ക് കൈമാറും. ഇതിനു ശേഷം കണ്ടെത്തിയ സ്ഥലങ്ങൾ പൂന്തോട്ടവും ഇരിപ്പിടങ്ങളുമായി മാറും.
എൻഎസ്എസ് സേനാംഗങ്ങൾ തന്നെ ചിലയിടങ്ങൾ കണ്ട് ബന്ധപ്പെട്ട അധികൃതരെ അറിയിച്ചു പൂന്തോട്ടങ്ങൾ നിർമ്മിക്കുന്നുമുണ്ട്. ചിലർ ആളുകൾ ഒഴിവാക്കിയ വസ്തുക്കൾ എടുത്ത് കൗതുക വസ്തുക്കളാക്കി മാറ്റി ഇവിടങ്ങളിൽ സ്ഥാപിക്കുന്നുണ്ട്.
സംസ്ഥാനത്ത് 3000- സ്നേഹാരാമങ്ങൾ നിർമ്മിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ശുചിത്വ മിഷൻ ഓരോ യൂണിറ്റുകൾക്കുമായി നീക്കിവെക്കുന്നത് 500- രൂപയാണ്. കാടുപിടിച്ച് കിടന്ന മൊയ്തു മൗലവി സ്മാരകത്തിന്റെ പരിസരം വൃത്തിയാക്കിയതും ഈ പദ്ധതിയുടെ ഭാഗമായി സെയന്റ് സേവിയസ് കോളേജ് എൻഎസ്എസ് യൂണിറ്റ് ആയിരുന്നു. വൃത്തിയാക്കുന്ന ഇടങ്ങളിൽ എല്ലാം കൂടുതൽ കൗതുകം പകരാൻ ടയറുകൾ ക്ക് നിറം കൊടുത്തും ചുവർ ചിത്രങ്ങൾ വരച്ചും പൂച്ചെടികൾ നട്ടുപിടിപ്പിച്ചും ചരൽ കല്ലുകൾ പാകിയും മോടിപിടിപ്പിക്കുന്നുണ്ട്.