
പെരുവണ്ണാമൂഴി പോലീസ് സ്‌റ്റേഷൻ കെട്ടിട നിർമാണം പുരാേഗമിക്കുന്നു
- കേരള പോലീസ് ഹൗസിങ് കൺസ്ട്രക്ഷൻസ് കോർപ്പറേഷനാണ് നിർമാണച്ചുമതല.
പേരാമ്പ്ര: പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി അവസാനഘട്ടത്തിലേക്ക് . പെരുവണ്ണാമൂഴി ടൗണിനു സമീപം ജലവിഭവവകുപ്പ് അനുവദിച്ച കുറ്റ്യാടി ജലസേചന പദ്ധതിയുടെ 50- സെന്റ് സ്ഥലത്താണ് 1.90 കോടിരൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിർമിക്കുന്നത്. കേരള പോലീസ് ഹൗസിങ് കൺസ്ട്രക്ഷൻസ് കോർപ്പറേഷനാണ് നിർമാണച്ചുമതല . സ്ഥലത്തിന് ചുറ്റിലും ഭിത്തികെട്ടി ചുറ്റുമതിൽ നിർമിക്കാനുള്ള ഫണ്ടുകൂടി ലഭ്യമാവുന്നതോടെ പണി പൂർത്തിയാകും .
പെരുവണ്ണാമൂഴി ഡാം സൈറ്റിനു സമീപം ജല സേചന വിഭാഗത്തിൻ്റെ സ്ഥലത്തായിരുന്നു പോലീസ് സ്റ്റേഷൻ മുൻപ് പ്രവർത്തിച്ചിരുന്നത്. കാലപ്പഴക്കം കൊണ്ട് ഉപയോഗയോഗ്യമല്ലാതായതോടെ 2015-ൽ പന്തിരിക്കരയിലെ വാടകക്കെട്ടിടത്തിന്റെ മുകൾനിലയിലായിരുന്നു പ്രവർത്തിച്ചത്. പുതിയ കെട്ടിടം നിർമിക്കുന്നതിനായി 2018 – മുതൽ ശ്രമങ്ങൾ നടന്നെങ്കിലും ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി സ്ഥലം കൈമാറി ഉത്തരവിറങ്ങിയത് 2022-സെപ്റ്റംബറിലാണ്.