
പെരുവണ്ണാമൂഴി പ്രദേശങ്ങളിൽ കാട്ടാന കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു
- കാട്ടാനകൾ ജനവാസമേഖലയിൽ എത്തുന്നത് തടയാനുള്ള ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്നത് വൈകുന്നതിനെതിരെ പ്രതിഷേധമുണ്ട്
പെരുവണ്ണാമൂഴി : ചക്കിട്ടപാറ പഞ്ചായത് 15-ാം വാർഡിലെ കൂവപ്പൊയിലിൽ കാട്ടാന കൃഷിനശിപ്പിക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഒട്ടേറെപ്പേരുടെ തെങ്ങും വാഴകളുമാണ് കാട്ടാന നശിപ്പിച്ചത്. ആലക്കളത്തിൽ അശോക് ജോർജ്, എടപ്പാടിയിൽ ജിൽസ്, എടപ്പാടിയിൽ കുട്ടിച്ചൻ, മാപ്പിളക്കുന്നേൽ കുര്യാക്കോസ്, കായലാട്ട് ഇബ്രാഹീം എന്നിവരുടെ കൃഷിയാണ് കഴിഞ്ഞദിവസം നശിപ്പിച്ചത്. നേരത്തേ കൂവപ്പൊയിലിലുള്ള കൂത്താളി ജില്ലാ കൃഷിഫാമിലും വ്യാപകമായി കൃഷിനശിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം പെരുവണ്ണാമൂഴി വട്ടക്കയം മേഖലയിൽ വ്യാപകമായി കൃഷി നശിപ്പിച്ചപ്പോൾ വനംവകുപ്പിന്റെ ആർആർടി സംഘമെത്തി കാട്ടാനയെ വനത്തിലേക്ക് ഏറെദൂരം ഓടിച്ചിരുന്നു.

കൂവപ്പൊയിൽ മേഖലയിൽ മറ്റൊരു ആനയാണ് എത്തുന്നതെന്നാണ് കരുതുന്നത്
വനമേഖലയിൽനിന്ന് കുറ്റ്യാടിപ്പുഴ കടന്നാണ് കാട്ടാനകൾ ജില്ലാ കൃഷിഫാമിലേക്കും ഈ മേഖലയിലേക്കും എത്തുന്നത്. ഫാമിന്റെ അതിർത്തിയിൽ കുറ്റ്യാടിപ്പുഴയോരത്ത് കോൺക്രീറ്റ് മതിൽ നിർമിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും പാതിവഴിയിലാണ്. കാട്ടാനകൾ കൃഷി നശിപ്പിക്കുന്നത് പതിവാകുമ്പോഴും വനാതിർത്തിയിൽ കാട്ടാനകൾ ജനവാസമേഖലയിൽ എത്തുന്നത് തടയാനുള്ള ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്നത് വൈകുന്നതിനെതിരെയും പ്രതിഷേധമുണ്ട്.
