
പേരാമ്പ്ര ടൗണിലെ വെള്ളക്കെട്ടിന് പരിഹാരം
- കലുങ്കും അഴുക്കുചാലും നിർമിച്ച് വെള്ളം ഒഴുക്കിവിടാനായി 25 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതിയായി
പേരാമ്പ്ര: നഗരത്തിൽ സംസ്ഥാന പാതയിൽ ചെമ്പ്ര റോഡ് കവലയിലെ മഴക്കാലത്തെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ നടപടി. കലുങ്കും അഴുക്കുചാലും നിർമിച്ച് വെള്ളം ഒഴുക്കിവിടാനായി 25 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നൽകി ഉത്തരവായി. ടി. പി. രാമകൃഷ്ണൻ എംഎൽഎയുടെ ഇടപെടലിനെത്തുടർന്നാണ് നടപടി.
മരുതോറമ്മൽ ഭാഗത്തുനിന്ന് വെള്ളം സംസ്ഥാനപാതയിലേക്ക് ഒഴുകിയെത്തുന്ന സ്ഥലത്ത് സംസ്ഥാനപാതയ്ക്ക് കുറുകെ കലുങ്ക് നിർമിച്ച് ചെമ്പ്ര റോഡിലെ അഴുക്കുചാലിലൂടെ വെള്ളം ഒഴുക്കി വിടുന്നതാണ് പരിഗണനയിലുള്ളത്. നേരത്തേ സംസ്ഥാനപാതയിൽ കുറച്ചകലെയുള്ള കലുങ്കുവഴിയാണ് മറുഭാഗത്തേക്ക് ഒഴുകിയിരുന്നത്.ശക്തമായ മഴപെയ്യുമ്പോൾ ചെമ്പ്ര റോഡ് കവലമുതൽ ബസ് സ്റ്റാൻഡിന് സമീപംവരെ വെള്ളം കെട്ടിനിൽക്കുന്നത് കാരണം കടകളിൽ വെള്ളം കയറുമായിരുന്നു. അഴുക്കുചാലിലൂടെ വെള്ളം മുഴുവനായി ഒഴുകിപ്പോകാത്തതായിരുന്നു പ്രധാന പ്രശ്നം.

ഒരുവർഷം മുമ്പ് 4. 5 കോടിരൂപ ചെലവഴിച്ച് പേരാമ്പ്ര ടൗൺ വികസന പദ്ധതി നടപ്പാക്കിയിരുന്നു. എന്നാൽ ഇതിനുശേഷവും വെള്ളക്കെട്ടിന് പരിഹാരമുണ്ടായില്ല. ഇത്തവണ കടകളിൽ വെള്ളം കയറിയ സമയത്ത് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കൾ പ്രതിഷേധമുയർത്തിയിരുന്നു.