
പ്രിൻസിപ്പൽ സെക്രട്ടറിയെ വകുപ്പിന്റെ ചുമതലയിൽനിന്ന് ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ
- താൻ നടപടിക്ക് നിർദേശിച്ച 35 ഫയലുകൾ പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ് പിടിച്ചുവെച്ചിരിക്കുകയാണെന്ന് മന്ത്രി കെ. മുരളീധരൻ മുഖ്യമന്ത്രി വി.ഡി. സതീശനോട് പരാതിപ്പെട്ടു
തിരുവനന്തപുരം :ആരോഗ്യവകുപ്പിൽ മന്ത്രി-പ്രിൻസിപ്പൽ സെക്രട്ടറി പോര് മുറുകുന്നു. താൻ നടപടിക്ക് നിർദേശിച്ച 35 ഫയലുകൾ പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ് പിടിച്ചുവെച്ചിരിക്കുകയാണെന്ന് മന്ത്രി കെ. മുരളീധരൻ മുഖ്യമന്ത്രി വി.ഡി. സതീശനോട് പരാതിപ്പെട്ടു. സെക്രട്ടറിയെ വകുപ്പിന്റെ ചുമതലയിൽനിന്ന് ഒഴിവാക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം. സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ മന്ത്രിയെന്ന നിലയിൽ തീരുമാനമെടുത്തു നൽകിയിട്ടും തുടർനടപടികൾ ഉണ്ടാകുന്നില്ലെന്നാണ് പരാതി.

അഴിമതി ആരോപണങ്ങൾ സംബന്ധിച്ച ഫയലുകളിൽ നടപടികൾ നീളുന്നത് ന്യായീകരിക്കാനാകില്ലെന്നാണ് മന്ത്രിയുടെ നിലപാട്.പുതിയ മെഡിക്കൽ കോളേജായി നിർദേശിച്ച തിരുവനന്തപുരം ജനറൽ ആശുപത്രി, നഴ്സിങ് കോളേജ് ഹോസ്റ്റലുകളുടെ നിർമാണം അറ്റകുറ്റപ്പണി എന്നിവയ്ക്ക് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ സി.എസ്.ആർ. ഫണ്ട് വാഗ്ദാനം ചെയ്ത് സ്ഥാപനങ്ങൾ മുന്നോട്ടുവന്നിട്ടും അനുമതി നൽകുന്നതടക്കമുള്ള ഫയലുകളിൽ തീരുമാനം നീളുന്നതായും മന്ത്രി പറയുന്നു. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുൻകാലങ്ങളിൽ മരുന്ന് വാങ്ങിയതിലെ അഴിമതി ആരോപണം സംബന്ധിച്ച പരിശോധന നടത്താൻ മൂന്നുമാസം മുൻപ് നൽകിയ നിർദേശവും പാലിക്കപെട്ടില്ല.
