ഫുൾ എ പ്ലസ്സുകാർക്കും സീറ്റില്ല;          കെ എസ് യു  പ്രതിഷേധത്തിൽ സംഘർഷം

ഫുൾ എ പ്ലസ്സുകാർക്കും സീറ്റില്ല; കെ എസ് യു പ്രതിഷേധത്തിൽ സംഘർഷം

  • കോഴിക്കോട് റീജനൽ ഡെപ്യൂട്ടി ഡയറക്‌ടർ ഓഫീസ് ഉപരോധത്തിലാണ് സംഘർഷം

കോഴിക്കോട്: മലബാറിലെ സീറ്റ് ക്ഷാമം തുടരുന്നു. ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾക്കുപോലും പ്ലസ് വൺ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് കെഎസ് യു ജില്ല കമ്മിറ്റി നടത്തിയ കോഴിക്കോട് റീജനൽ ഡെപ്യൂട്ടി ഡയറക്‌ടർ (ആർഡിഡി) ഓഫിസ് ഉപരോധത്തിൽ സംഘർഷമുണ്ടായി.

മുഴുവൻ വിഷയത്തിനും എ പ്ലസ് കിട്ടിയിട്ടും രണ്ട് അലോട്ട്മെന്റിലും സീറ്റ് കിട്ടാത്ത അഭിഷേക്, സൂര്യദത്തൻ എന്നീ വിദ്യാർഥികൾക്കൊപ്പമാണ് പ്രവർത്തകർ ഓഫിസിലെത്തിയത്. പൊലീസ് ഉദ്യോഗസ്ഥർ പ്രവർത്തകരുമായി ചർച്ച നടത്തിയെങ്കിലും ആർഡിഡി കൃത്യമായ മറുപടി നൽകാതെ പിരിഞ്ഞുപോകില്ലെന്ന് പ്രവർത്തകർ അറിയിച്ചു. ഇതോടെ പ്രവർത്തകരെ പൊലീസ് ബലമായി അറസ്റ്റുചെയ്ത് നീക്കാൻ ശ്രമം തുടങ്ങി. തുടർന്നാണ് സംഘർഷമുണ്ടായത്.

കുത്തിയിരുന്ന് ഉപരോധിച്ച പ്രവർത്തകരോട് പൊലീസ് പുറത്തിറങ്ങാൻ ആവശ്യ പ്പെട്ടു. എന്നാൽ, പ്രവർത്തകർ ആർഡിഡി യുടെ മുറിയിൽ നിന്നിറങ്ങി വാതിലിന് സമീപം കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു. തുടർന്ന് ചെമ്മങ്ങാട് ഇൻസ്പെക്ട‌ർ കിരൺ സ്ഥലത്തെത്തി പ്രവർത്തകരെ ബലമായി അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമം തുടങ്ങി. തുടർന്ന് ഫ്രാൻസിസ് റോഡിൽ ഇരുന്ന് പ്രതിഷേധം തുടർന്നു. ഇതോടെ കൂടുതൽ പൊലീസെത്തി ഇവരെ ബലമായി വാഹനത്തിൽ പിടിച്ചു കയറ്റുകയായിരുന്നു.

കെ.എസ്.യു ജില്ല പ്രസിഡൻ്റ് വി.ടി. സൂരജ്, സംസ്ഥാന സമിതി അംഗം അർജുൻ പൂനത്ത്, ജില്ല വൈസ് പ്രസിഡൻ്റുമാരായ എം.പി. രാഗിൻ, ഫായിസ് നടുവണ്ണൂർ, ഫുആദ് സുവീൻ, ജില്ല ഭാരവാഹികളായ മുആദ് നരിനട, ഫിലിപ് ജോൺ, ആദിൽ മുണ്ടിയത്ത്, മെബിൻ പീറ്റർ, സിനാൻ പള്ളിക്കണ്ടി, ശ്രീരാഗ് ചാത്ത മംഗലം, അർജുൻ ഏടത്തിൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )