
ബത്തേരി പൊലീസ് സ്റ്റേഷനിലെ പ്രോപ്പർട്ടി റൂമിൽ സൂക്ഷിച്ചിരുന്ന പുകയില ഉൽപ്പന്നങ്ങളുടെ ഏഴ് ചാക്കുകൾ മോഷണം പോയ സംഭവത്തിൽ ഒളിവിലായിരുന്ന പൊലീസുകാരൻ സാബിത്ത് പിടിയിൽ
- സുൽത്താൻ ബത്തേരി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി സബിത്തിനെ എറണാകുളം കളമശ്ശേരിയിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
കൊച്ചി: വയനാട്ടിലെ ബത്തേരി പൊലീസ് സ്റ്റേഷനിലെ പ്രോപ്പർട്ടി റൂമിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഏഴ് ചാക്കുകൾ മോഷണം പോയ സംഭവത്തിൽ ഒളിവിലായിരുന്ന പൊലീസുകാരൻ സാബിത്ത് പിടിയിൽ. സുൽത്താൻ ബത്തേരി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി സബിത്തിനെ എറണാകുളം കളമശ്ശേരിയിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.ഒരാഴ്ചയായി ഇയാൾ ഒളിവിലായിരുന്നു.സാബിത്തിന്റെ കാർ കോഴിക്കോടു നിന്നും നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന് ഇയാൾക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞ ജൂൺ പൊലീസ് പിടികൂടി ബത്തേരി സ്റ്റേഷനിൽ സൂക്ഷിച്ച ഏഴു ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളാണ് സാബിത്ത് കടത്തിയത്. സെപ്റ്റംബർ 10 ന് പ്രോപ്പർട്ടി റൂം വൃത്തിയാക്കാനായി തുറന്നപ്പോഴാണ് തൊണ്ടിമുതൽ നഷ്ടമായത് വെളിപ്പെട്ടത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കളവ് ബോധ്യപ്പെട്ടത്.

സ്റ്റേഷനിലെ റൈറ്ററുടെ മേശപ്പുറത്തിരുന്ന താക്കോൽ ഉപയോഗിച്ച് സാബിത്ത് മുറി തുറന്ന് ചാക്കുകെട്ടുകൾ സ്വന്തം വാഹനത്തിലേക്ക് മാറ്റിയെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. തനിക്കെതിരെ അന്വേഷണം തിരിഞ്ഞുവെന്ന് വ്യക്തമായതോടെ സാബിത്ത് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സെപ്റ്റംബർ 12 മുതൽ ഒളിവിലായിരുന്നു. സംഭവത്തിൽ ബത്തേരി ഡിവൈഎസ്പി അബ്ദുൾ കരീം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വയനാട് ജില്ലാ പൊലീസ് മേധാവി ദേവമനോഹർ സബിത്തിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
