
ബിജെപിയിൽ പ്രവർത്തിക്കാൻ അർഹമായ ഇടം ലഭിക്കാത്തതിനാലാണ് പാർട്ടി വിട്ടതെന്ന് നടൻ ദേവൻ
- തന്റെ രാഷ്ട്രീയ സംഘടനയായ ‘കേരള പീപ്പിൾസ് പാർട്ടി’ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ തുടങ്ങിയെന്നും ദേവൻ അറിയിച്ചു
തിരുവനന്തപുരം: ബിജെപിയിൽ പ്രവർത്തിക്കാൻ അർഹമായ ഇടം ലഭിക്കാത്തതിനാലാണ് പാർട്ടി വിട്ടതെന്ന് നടൻ ദേവൻ. വലിയ തോതിൽ തെറ്റിദ്ധരിക്കപ്പെട്ട പ്രസ്ഥാനമാണ് ബിജെപിയെന്നും ചില നേതാക്കൾ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെങ്കിലും പാർട്ടിക്ക് വർഗീയ അജണ്ടകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് സീറ്റ് നേടുകയെന്ന ലക്ഷ്യത്തോടെയല്ല താൻ ബിജെപിയിൽ ചേർന്നതെന്ന് ദേവൻ വ്യക്തമാക്കി.ന്യൂനപക്ഷങ്ങൾക്കിടയിലും ഹിന്ദു സമുദായത്തിലെ ചില വിഭാഗങ്ങൾക്കിടയിലും പാർട്ടിയെക്കുറിച്ച് നിലനിൽക്കുന്ന ഭയം ഇല്ലാതാക്കി പൊതുധാരണ മാറ്റിയെടുക്കുകയായിരുന്നു ലക്ഷ്യം. തനിക്ക് അടുത്ത ബന്ധമുള്ള മുസ്ലിം സമുദായം ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കിടയിൽ പാർട്ടിയുടെ പ്രതിച്ഛായ മാറ്റാൻ സാധിക്കുമായിരുന്നുവെന്നും പ്രചാരണ ചുമതലയുള്ള സെക്രട്ടറി പോലുള്ള പദവിയായിരുന്നു താൻ ആഗ്രഹിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ, ഒരു ഉത്തരവാദിത്തങ്ങളുമില്ലാത്ത സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയാണ് തനിക്ക് നൽകിയത്. പിന്നീട് യാതൊരുവിധ അറിയിപ്പും നൽകാതെ ആ സ്ഥാനത്തുനിന്ന് തന്നെ നീക്കി പകരം ആർ ശ്രീലേഖയ്ക്ക് ചുമതല നൽകി. വലിയ രീതിയിലുള്ള അവഗണനയാണ് പാർട്ടിയിൽ നിന്ന് നേരിടേണ്ടി വന്നത്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിക്കായി പ്രവർത്തിച്ചിട്ടും തനിക്ക് സംഘടനയിൽ എന്താണ് ഉത്തരവാദിത്തമെന്ന് കൃത്യമായി വ്യക്തമാക്കിയിരുന്നില്ലെന്ന് അദേഹം ആരോപിച്ചു.ഈ സാഹചര്യത്തിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി പാർട്ടി വിടുന്നതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നുവെന്നും തന്റെ രാഷ്ട്രീയ സംഘടനയായ ‘കേരള പീപ്പിൾസ് പാർട്ടി’ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ തുടങ്ങിയെന്നും ദേവൻ അറിയിച്ചു
