
ബിലീഷിന്റെ ഹൃദയം കുമാരനിൽ മിടിച്ചു
അഞ്ജു നാരായണൻ എഴുതുന്നു✍️
- പറയാനുള്ളത് ചേർത്തു നിർത്തലിന്റെ ബിഗ് സല്യൂട്ട് അർഹിക്കുന്ന ജീവിത കഥ
കോഴിക്കോട് :ഹൃദയം കൊണ്ട് അവർ കൈ കോർത്തു, പിന്നീട് നടന്നത് ഹൃദയ ദാരിയായ ജീവിതത്തിലേക്കുള്ള ഒരു പോലീസുകാരന്റെ യാത്രയാണ്.
മലബാർ സ്പെഷൽ പൊലീസിലെ (എം എസ്‌പി) 1999-വർഷത്തിലെ ബാച്ചുകാർ ഒത്തുചേർന്നെഴുതിയതാണ് ഈ മനോഹര ഹൃദയകാവ്യം.
ഒരുമിച്ച് ജോലിയിൽ പ്രവർത്തിച്ച തങ്ങളുടെ സഹപ്രവർത്തകന്റെ ഹൃദയം മാറ്റിവച്ച് ജീവിതത്തിലേക്ക് ഹൃദയപൂർവ്വം അവർ വീണ്ടും ആനയിച്ചു. മരണത്തിൻ്റെ ഇരുട്ടിൽ നിന്ന് അവർ തിരിച്ചെത്തിച്ചത് ഒരു കുടുംബത്തിന്റെ മുഴുവൻ ജീവിതത്തെയാണ്. വിലപ്പെട്ട ജീവനിലെ അവയവദാനത്തിൻ്റെ മഹാത്മ്യം തിരിച്ചറിഞ്ഞ കുടുംബവും പോലീസ് കൂട്ടുകാരും ഒത്തുചേർന്നപ്പോൾ ആശുപ്രതിയിലെ ഡോക്ടർമാരുടെ പ്രവർത്തിയും ജീവിതം തിരികെ നൽകിയതിന്റെ സന്തോഷത്തിലാണ് എന്നിയാടൻ കുമാരനും (50) ഭാര്യ കുഞ്ഞിമോളും.
കണ്ണൂർ പേരാവൂരിലെ ഗ്രേഡ് എസ്‌ഐ ആയ ഇ.കുമാരന് ആറു വർഷം മുൻപാണ് ഹൃദ യസംബന്ധമായ പ്രശ്നങ്ങൾ ആരംഭിച്ചത്. രണ്ടു തവണ ആൻജിയോപ്ലാസ്‌റ്റി ചെയ്തി ട്ടും രോഗം മാറിയില്ല. ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന് ഡോക്ടർമാർ വിധി എഴുതി.

പിന്നീട് ചേർത്ത് നിർത്തലിന്റെ നേർകാഴ്ചയാണ് നടന്നത്. നാലു മാസം മുൻപ് മേയ്ത്ര ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുമാരന്റെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം ആവിശ്യമായി വന്നു. കുമാരനൊപ്പം 1999 എഎ നടക്കാവ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ പി.മഹേഷ് ബാബുവും വിരമിച്ച പ്രകാശൻ പയ്യോളിയും സഹപ്രവർത്തകനെ സഹായിക്കാനായി ദൗത്യം ഏറ്റെടുക്കുകയായിരുന്നു. സഹപ്രവർത്തകർക്കിടയിലും പൊലീസുകാരുടെ വാട്‌സാപ് കൂട്ടായ്മയിലും അറിയിച്ചതോടെ ധനസഹായം എത്തിത്തുടങ്ങി. കൂടാതെ സർക്കാരിന്റെ മെഡിസെപ്പിൽ നിന്ന് 15 ലക്ഷവും ലഭിച്ചു. ഒപ്പം ആശുപത്രിയുടെ ഇളവുകളും കിട്ടിയതോടെ സാമ്പത്തിക പ്രശ്നങ്ങൾക്കു പരിഹാരമായി.

പക്ഷാഘാതത്തെ തുടർന്ന് മസ്‌തിഷ്‌കമരണം സ്‌ഥിരീകരിച്ച പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശി ടി.വി.ബിലീഷിൻ്റെ (50) കുടുംബം അവയവ ദാനത്തിനു തയാറായത് കുമാരന് അനുഗ്രഹമായി മാറുകയായിരുന്നു. കുടുംബത്തിൻ്റെ നട്ടെല്ലായിരുന്ന ബിലീഷ് മറ്റൊരാളിലൂടെ ജീവിക്കുന്നതു കാണാമെന്നതായിരുന്നു വീട്ടുകാരുടെ ആവിശ്യം. ശാസ്ത്രക്രിയയ്ക്ക് ശേഷം ബിലീഷിന്റെ ഹ്യദയം കുമാരനിൽ മിടിച്ചുതുടങ്ങി. പേരാവൂർ സ്‌റ്റേഷനിൽ കഴിഞ്ഞ ദിവസം കുമാരൻ വീണ്ടും കാക്കിയണിഞ്ഞുകൊണ്ട് സ്റ്റേഷനിൽ എത്തി .ഡോ :മുരളി വെട്ടത്തിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ നടന്നത്. കുമാരന് താങ്ങും തണലുമായി കൂടെ നിന്നവർക്ക് മേയ്ത്ര ആശുപത്രിയിൽ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.