
ബോക്സ് കൾവേർട് സ്ഥാപിക്കണം; പന്തലായനിയിൽ ജനകീയ പ്രക്ഷോഭം
- ഇത് പ്രതികൂലമായി ബാധിക്കുന്നത് അയ്യായിരത്തോളം വരുന്ന കുടുംബങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെയാണ്
കൊയിലാണ്ടി : പന്തലായനിയിൽ ബൈപ്പാസ്സ് കടന്ന് പോകുന്ന വഴിയിൽ ബോക്സ് കൾവേർട് സ്ഥാപിക്കണമെന്ന ആവശ്യവുമായി ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. പ്രക്ഷോഭ സ്ഥലം അസിസ്റ്റന്റ് കളക്ടർ സന്ദർശിച്ചു. തുടർന്ന് പ്രശ്നപരിഹാരത്തിനായി എംഎൽഎയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ചർച്ച നടന്നു.

എൻഎഎഐ നിരന്തരം തടസ്സവാദങ്ങൾ ഉയർത്തുകയാണെന്ന് ഗതാഗത സംരക്ഷണ സമിതി ആരോപിക്കുന്നു. ബോക്സ് കൾവേർട് ആവശ്യ മുന്നയിക്കുന്ന പന്തലായനി ഗതാഗത സംരക്ഷണ കർമ്മസമതിയുടെ നേതൃത്വത്തിൽ കൺവീനർ ചന്ദ്രശേഖരൻ പി പ്രജിഷ – 12ാം വാർഡ് കൗൺസിലർ എന്നിവരാണുള്ളത്. പന്തലായനിയിലെ മൂന്ന് റോഡുകൾക്ക് കുറുകെയാണ് ബൈപ്പാസ് കടന്നുപോകുന്നത്. പന്തലായനി- വിയ്യൂർ റോഡ്, കാട്ടുവയൽ റോഡ്, കോയാരിക്കുന്ന് റോഡ് എന്നിവയുടെ കുറുകെ ഏകദേശം ഏഴരമീറ്റർ ഉയരത്തിലൂടെയാണ് ബൈപ്പാസ് പോകുന്നത്. ഇതുകാരണം ബൈപ്പാസിന്റെ ഇരുഭാഗത്തുമുള്ളവർക്ക് സർവ്വീസ് റോഡിൽ പ്രവേശിക്കുകയെന്നത് ബുദ്ധിമുട്ട് ഉണ്ടാകുന്നതാണ്. ഇത് പ്രതികൂലമായി ബാധിക്കുന്നത് അയ്യായിരത്തോളം വരുന്ന കുടുംബങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെയാണ്.

ഈ സാഹചര്യത്തിൽ ജൂൺ 30 ഞായറാഴ്ച വൈകുന്നേരം 4 ന് പന്തലായനി കാട്ടുവയൽ റോഡിൽ ബൈപ്പാസ് കടന്നുപോകുന്ന ഭാഗത്ത് ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പന്തലായനി ഗതാഗത സംരക്ഷണ സമിതി അറിയിച്ചു
