
മന്ത്രിപദവിയിൽ 5 മാസം പൂർത്തിയാകുമ്പോഴും ഔദ്യോഗിക വസതിയില്ലാതെ ഒ.ജെ.ജനീഷ്
- 19 മന്ത്രിമാർ മന്ത്രി മന്ദിരങ്ങളിൽ താമസിക്കുമ്പോൾ കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ.ജനീഷിന്റെ താമസം ഇപ്പോഴും തൈക്കാട് ഗെസ്റ്റ്ഹൗസിലാണ്
തിരുവനന്തപുരം:മന്ത്രിപദവിയിൽ 5 മാസം പൂർത്തിയാകുമ്പോഴും ഔദ്യോഗിക വസതിയില്ലാതെ ഒ.ജെ.ജനീഷ്. മേയിൽ അധികാരമേറ്റ വി.ഡി.സതീശൻ സർക്കാരിലെ 19 മന്ത്രിമാർ മന്ത്രി മന്ദിരങ്ങളിൽ താമസിക്കുമ്പോൾ കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ.ജനീഷിന്റെ താമസം ഇപ്പോഴും തൈക്കാട് ഗെസ്റ്റ്ഹൗസിലാണ്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ മന്ത്രിക്ക് വസതി ഒരുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയായില്ല. ഓഫിസ് സമയത്തിനുശേഷംമന്ത്രി സന്ദർശകരെ കാണുന്നതും നിവേദനം സ്വീകരിക്കുന്നതും മാസങ്ങളായി ഗെസ്റ്റ്ഹൗസിൽവച്ചാണ്. തലസ്ഥാനത്ത് ആകെയുള്ള 21 ഔദ്യോഗിക വസതികളിൽ ക്ലിഫ്ഹൗസിൽ മുഖ്യമന്ത്രിയും കന്റോൺമെന്റ് ഹൗസിൽ പ്രതിപക്ഷ നേതാവുമാണു താമസിക്കുന്നത്. 19 മന്ത്രിമാർക്കു മാത്രമേ സർക്കാർ വസതികളുള്ളൂ.

മന്ത്രി ജനീഷിന് മൻമോഹൻ ബംഗ്ലാവും അനൂപ് ജേക്കബിന് സർക്കാർ ചെലവിൽ വാടകവീടും നൽകാനായിരുന്നു ആദ്യതീരുമാനമെങ്കിലും പിന്നീട് അനൂപിന് മൻമോഹൻ ബംഗ്ലാവും ജനീഷിന് വാടകവീടുമെന്ന നിലയിലേക്ക് തീരുമാനം മാറ്റി. സ്വകാര്യവ്യക്തികളുടെ വീട് വാടകയ്ക്ക് എടുക്കുന്നതിനുപകരം പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിൽ വസതി ഒരുക്കിയാൽ മതിയെന്നാണ് ജനീഷ് സർക്കാരിനെ അറിയിച്ചത്. ഇതിനായുള്ള നടപടികൾ ഇഴഞ്ഞുനീങ്ങി. ഒടുവിൽ ജവഹർ നഗറിലെ പിഡബ്ല്യുഡി ക്വാർട്ടേഴ്സുകളിലൊന്ന് മന്ത്രിക്ക് അനുവദിച്ച് ഉത്തരവിറങ്ങിയെങ്കിലും ഇതുവരെ കൈമാറിയിട്ടില്ല.
