
മലയാളനോവലിൽ കേരളത്തിൻ്റെ ആഖ്യാന ചാരുത വേണം; യു.കെ.കുമാരൻ
- പി.ടി.രാജലക്ഷ്മിയുടെ നേരത്തു വീട്ടിലെ സന്തതികൾ എന്ന നോവൽ ഡോ. പി.കെ.രാധാമണിയ്ക്ക് നൽകി
കോഴിക്കോട്: മലയാളനോവലിൽ പ്രാദേശികത്തമുണ്ടങ്കിലും കേരളത്തനിമ എത്രത്തോളമുണ്ടന്ന് പരിശോധിക്കേണ്ടതാണന്ന് നേവലിസ്റ്റ് യു.കെ.കുമാരൻ. ഭാഷാ സമന്വയ വേദി സംഘടിപ്പിച്ച ‘മലയാളനോവലിൽ തിരോഭവിക്കുന്ന ഗ്രാമാന്തരീക്ഷം’ എന്ന വിഷയത്തിലുള്ള സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക മികവ് നോവലിൽ കൂടി വരികയാണന്നും എന്നാൽ ഇത് വായനക്കാരെ ആകർഷിക്കുന്നില്ലെന്നും കേരളത്തിൻ്റെതായ ആഖ്യാന ചാരുത ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.ടി.രാജലക്ഷ്മിയുടെ നേരത്തു വീട്ടിലെ സന്തതികൾ എന്ന നോവൽ ഡോ. പി.കെ.രാധാമണിയ്ക്ക് ആദ്യപ്രതി നൽകി അദ്ദേഹം പ്രകാശനം ചെയ്തു. ഡോ. ആർസു അധ്യക്ഷത വഹിച്ചു. ആധുനികതയുടെ ലേബൽ പതിച്ചും ഗതകാല നന്മകളെ തമസ്ക്കരിച്ചും പടിഞ്ഞാറൻ ആശയധാരകളെ നെഞ്ചേറ്റിയുമുള്ള നോവലുകൾക്ക് ജനമനസ്സുകളിൽ വേരോട്ടമുണ്ടാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇ.പി.പവിത്രൻ നോവൽ പരിചയപ്പെടുത്തി. എം.എം സചീന്ദ്രൻ, കെ.ജി രഘുനാഥ്, ഡോ.ഇ.കെ. സ്വർണ്ണകുമാരി എന്നിവർ സെമിനാറിൽ പങ്കെടുത്തു. ഡോ.ഒ. വാസവൻ ,ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണൻ, ഡോ.സി.സേതുമാധവൻ, പി.ഐ.അജയൻ ,ഡോ.എം.കെ.പ്രീത, നോവലിസ്റ്റ് പി.ടി.രാജലക്ഷ്മി പ്രസംഗിച്ചു.