
മലയോര മേഖലയിലേക്കും ജലജീവൻ പദ്ധതിക്ക് അനുമതിയായി
- ജലക്ഷാമം കൂടുതലുള്ള മലമ്പ്രദേശങ്ങളിലേക്കു കൂടി ജല വിതരണം നടക്കുമെന്നത് ഏറെ പ്രതീക്ഷ നൽകുന്നു.
കുറ്റ്യാടി: ജലജീവൻ കുടിവെള്ള പദ്ധതി കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നു. ജലക്ഷാമം കൂടുതലുള്ള മലമ്പ്രദേശങ്ങളിലേക്കു കൂടി ജല വിതരണം നടക്കുമെന്നത് ഏറെ പ്രതീക്ഷ നൽകുന്നു. കുറ്റ്യാടി പുഴയിൽ നിന്നു ശേഖരിക്കുന്ന വെള്ളം അത്തിയോറക്കുന്നിലെ ജല സംഭരണിയിൽ എത്തിച്ചു വിവിധ പഞ്ചായത്തുകളിലേക്ക് എത്തിക്കുന്ന ഒഞ്ചിയം ചോറോട് കുടിവെള്ള പദ്ധതിക്കു സമാനമായി ഇതേ സംഭരണിയിൽ നിന്ന് ചെക്യാട് പഞ്ചായത്തിലെ മലമ്പ്രദേശമായ അഭയഗിരി, കണ്ടിവാതുക്കൽ തുടങ്ങിയവിടങ്ങളിലേക്കു കൂടി എത്തിക്കുന്നതിനുള്ള പ്രവൃത്തനാനുമതിയാണ് ഇപ്പോൾ ലഭിച്ചത്.
വിഷ്ണുമംഗലം പുഴയ്ക്കു കുറുകെ പൈപ്പിട്ടാണ് പുളിയാവിലേക്ക് ഈ പദ്ധതിയിൽ നിന്നു കുടിവെള്ളമെത്തിക്കുന്നത്. ഈ പ്രവൃത്തി പുരോഗമിക്കുകയാണ്. പുഴയിൽ പൈപ്പിടൽ പൂർത്തിയായി. ഇപ്പോൾ കല്ലുമ്മൽ ഭാഗത്തെ കരയിൽ പൈപ്പിടുന്ന പണി യാണ് നടക്കുന്നത്. ജനുവരി അവസാനത്തോടെ ഭാഗികമായെങ്കിലും ഈ പദ്ധതിയിൽ നിന്ന് വെള്ളം നൽകാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പൂർണമായി ഈ പദ്ധതി കമ്മിഷൻ ചെയ്യാൻ ഇനിയും മാസങ്ങൾ കഴിയേണ്ടി വരും. മലമ്പ്രദേശങ്ങളിൽ പലയിടങ്ങളിലും പൈപ്പിടുന്ന പണി പൂർത്തിയായിട്ടില്ല.