
മാതൃഭാഷ വെളിച്ചത്തിലേക്ക് നയിക്കുന്നു;കൽപ്പറ്റ നാരായണൻ
- കൊയിലാണ്ടി ജി വി എച്ച് എസ് എസിൽ സ്‌നേഹാദരവും പുസ്തകമേളയും സംഘടിപ്പിച്ചു
കൊയിലാണ്ടി: മനുഷ്യരെ വെളിച്ചത്തിലേക്ക് നയിക്കുന്നത് മാതൃഭാഷയാണെന്ന് പ്രശസ്ത കവിയും സാഹിത്യവിമർശകനുമായ കൽപ്പറ്റ നാരായണൻ . ലോകത്തിലെ മാതൃഭാഷകൾ ഓരോന്നായി ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഭാഷയും വായനയും ജീവിതത്തിൻ്റെ ഭാഗം തന്നെയാണ്. ഭയം മൂലം ഉണ്ടാകുന്ന ഭക്തിയാണ് ഇന്ന് സമൂഹത്തിലെങ്ങും. ഭയത്തെ അകറ്റുന്ന സർഗ പ്രവൃത്തിയാണ് വായനയെന്നും അദ്ദേഹം പറഞ്ഞു.കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി മോഡൽ ലൈബ്രറിയും അകം സാംസ്കാരിക വേദിയും സംഘടിപ്പിച്ച സ്നേഹാദരവ് പരിപാടിയിൽ ‘എന്തുകൊണ്ട് വായിക്കണം?’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും സ്കൂളിലെ പൂർവാധ്യാപകനുമായ അദ്ദേഹത്തിന് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്നേഹോപഹാരങ്ങൾ കൈമാറി. പരിപാടിയോടനുബന്ധിച്ച് പുസ്തക മേളയും സംഘടിപ്പിച്ചു.
പ്രിൻസിപ്പാൾ എൻ വി പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ കെ കെ സുധാകരൻ,പി ടി എ പ്രസിഡണ്ട് വി സുചീന്ദ്രൻ, വി എച്ച് എസ് ഇ പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ, എസ് എസ് ജി കൺവീനർ എം ജി ബൽരാജ്, പൂർവ്വ വിദ്യാർത്ഥി സംഘടന കൺവീനർ എൻ വി വത്സൻ, ഗുരുപഥം കൺവീനർ വി ഗംഗാധരൻ,സ്റ്റാഫ് സെക്രട്ടറി ഒ കെ ഷിജു എന്നിവർ സംസാരിച്ചു.