
മാസപ്പടിക്കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
- വീണയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെടുത്ത ഒമ്പത് പേജുകളുള്ള ചുവന്ന പുറംചട്ടയുള്ള ഡയറിയും ഐഫോണും ഉൾപ്പെടെയുള്ള തെളിവുകളാണ് കയ്യെഴുത്ത് പരിശോധനയ്ക്കായി അയക്കുന്നത്
തിരുവനന്തപുരം :മാസപ്പടിക്കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ടി. വീണയിൽ നിന്നും പിടിച്ചെടുത്ത രേഖകളുടെ ഫോറൻസിക് പരിശോധനകൾക്കായി കോടതിയെ സമീപിക്കാനാണ് ഇഡിയുടെ തീരുമാനം. വീണയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെടുത്ത ഒമ്പത് പേജുകളുള്ള ചുവന്ന പുറംചട്ടയുള്ള ഡയറിയും ഐഫോണും ഉൾപ്പെടെയുള്ള തെളിവുകളാണ് കയ്യെഴുത്ത് പരിശോധനയ്ക്കായി അയക്കുന്നത്. ആരിൽ നിന്നൊക്കെ പണം കൈപ്പറ്റിയിട്ടുണ്ടെന്നത് സംബന്ധിച്ച വിവരങ്ങൾ ഈ ഡയറിയിലുണ്ടെന്നാണ് ഇഡി കണ്ടെത്തിയിട്ടുള്ളത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പിണറായി വിജയൻ, മുഹമ്മദ് റിയാസ്, അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾ എന്നിവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്.ഭാവിയിൽ കുറ്റപത്രവുമായി കോടതിയിൽ എത്തുമ്പോൾ പിടിച്ചെടുത്ത രേഖകളുടെയും കൈയക്ഷരത്തിന്റെയും ആധികാരികതയും വിശ്വാസ്യതയും സ്ഥാപിക്കേണ്ടതുണ്ട്. ഇതിനായി നിയമോപദേശം തേടിയിട്ടുള്ള ഇഡി, ഡയറി എഴുതിയത് വീണ തന്നെയാണ് എന്ന് ശാസ്ത്രീയമായി തെളിയിക്കാനാണ് കോടതിയുടെ അനുമതിയോടെ ഫൊറൻസിക് പരിശോധന നടത്തുന്നത്.

ഇതോടൊപ്പം കേസിൽ സിഎംആർഎൽ. ഉദ്യോഗസ്ഥരെയുംചെയ്യാനും ഇഡി തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഒമ്പത് സിഎംആർഎൽ ഉദ്യോഗസ്ഥർക്കും ഓഡിറ്റർമാർക്കും സമൻസ് അയച്ചു. ഈ ആഴ്ച തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. മുമ്പ് ശേഖരിച്ച മൊഴികളിൽ ചില വൈരുധ്യങ്ങൾ ഉള്ളതിനാൽ ഇതിൽ വ്യക്തത വരുത്താനാണ് ഇവരെ വീണ്ടും ചോദ്യം ചെയ്യുന്നത്. എക്സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള കള്ളപ്പണ ഇടപാട് കേസ് ഇതിനോടകം ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്നും തെളിവുകൾ ശേഖരിച്ച് വൈകാതെ തന്നെ കുറ്റപത്രത്തിലേക്ക് കടക്കാൻ സാധിക്കുമെന്നാണ് ഇഡിയുടെ വിലയിരുത്തൽ.
