
മുക്കം സ്റ്റാൻഡിലെ പൊതുശൗചാലയം പൊളിച്ചു; ‘ആശങ്ക’ തീർക്കാനാവാതെ യാത്രക്കാർ
- പകരം സംവിധാനമൊരുക്കാതെ ശൗചാലയം പൊളിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്
മുക്കം:മുക്കം ബസ്സ് സ്റ്റാൻഡിൽ ശൗചാലയ സൗകര്യമില്ലാത്തതിനാൽ യാത്രക്കാർ വലയുന്നു. നവീകരണ പ്രവൃത്തിക്കായി മുക്കം ബസ് സ്റ്റാൻഡിലെ പൊതുശൗചാലയം പൂർണമായും പൊളിച്ചതാണ് യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതമാവുന്നത്. പകരം സംവിധാനമൊരുക്കാതെ ശൗചാലയം പൊളിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത് . നഗരസഭ കാര്യാലയത്തിന് പിറകുവശത്തെ സ്ഥലത്ത് പുരുഷന്മാർ മൂത്ര മൊഴിക്കാൻ തുടങ്ങിയതോടെ കാൽനട യാത്രക്കാരും വ്യാപാരികളും ദുർഗന്ധത്താൽ മൂക്കുപൊത്തി നിൽക്കേണ്ട സ്ഥിതിയാണ്.
പൊതുശൗചാലയം ഒരു മാസം മുമ്പാണ് പൊളിച്ചുനീക്കിയത്. ആവശ്യക്കാർക്ക് 150 മീറ്റർ അകലെയുള്ള പുതിയ ബസ് സ്റ്റാൻഡിലെ ശൗചാലയം ഉപയോഗിക്കാമെന്നാണ് നഗരസഭ അധികൃതർ പറയുന്നത് .എന്നാൽ ദീർഘദൂര ബസുകൾ പരമാവധി അഞ്ച് മിനിറ്റ് വരെ മാത്രം സ്റ്റാൻഡിൽ നിർത്തിയിടുന്നതിനാൽ ഇത് ബുദ്ധിമുട്ടാണെന്നാണ് യാത്രക്കാർ പറയുന്നത് .

ശൗചാലയത്തിൻ്റെ പ്രവൃത്തി 32 ലക്ഷം രൂപ ചെലവിൽ, മൂന്ന് ഘട്ടങ്ങളിലായാണ് പൂർത്തീകരിക്കുക. 16 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ആദ്യ ഘട്ടത്തിൻ്റെ പ്രവൃത്തി ഓമശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന സൊസൈറ്റിയാണ് കരാറെടുത്തിരിക്കുന്നത്. എന്നാൽ, നിർമാണ പ്രവൃത്തിയൊന്നും ഇതുവരെ തുടങ്ങിയിട്ടില്ല . നഗരസഭ കാര്യാലയത്തിന് അടുത്തുള്ള എയ്റോബിക് പ്ലാൻ്റ് പൊളിച്ചുമാറ്റിയാലേ ശൗചാലയത്തിന്റെ നിർമാണം തുടങ്ങാൻ ആവുള്ളൂ . എയ്റോബിക് പ്ലാന്റ് പൊളിച്ചുനീക്കാൻ കരാർ നൽകിയിട്ട് രണ്ടാഴ്ചയായെങ്കിലും പ്രവൃത്തി തുടങ്ങിട്ടിയില്ല .
