
മുളകുപൊടി വിതറി മോഷണശ്രമം; പ്രതി പിടിയിൽ
- കൂടരഞ്ഞി കോലോത്തും കടവ് സ്വദേശി ജംഷിദിനെയാണ് മുക്കം പോലീസ് പിടികൂടിയത്
കാരശ്ശേരി: വല്ലത്തായിപ്പാറയിൽ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മാലപൊട്ടിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ പോലീസ് പിടിയിലായി. പരാതിക്കാരി പറഞ്ഞ സൂചനകൾ അനുസരിച്ചാണ് അന്വേഷണസംഘം ഇയാളിലേക്കെത്തിയത്.
കൂടരഞ്ഞി കോലോത്തും കടവ് സ്വദേശി ജംഷിദിനെയാണ് മുക്കം പോലീസ് പിടികൂടിയത്. താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം രാത്രി തന്നെ പ്രതിയെ കൂടരഞ്ഞി കോലോത്തും കടവിലെ വീട്ടിൽ നിന്ന് മുക്കം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മുന്പും ഈ പ്രദേശത്ത് ഇത്തരം കളവുകൾ നടന്ന സാഹചര്യത്തിൽ താമരശ്ശേരി ഡിവൈഎസ്പിയുടെ സ്ക്വാഡും ജംഷിദിനെ ചോദ്യം ചെയ്തിരുന്നു. മുക്കം ഇൻസ്പെക്ടർ മഹേഷ്, എസ്ഐ വിനോദ് കുമാർ, എഎസ്ഐ നൗഫൽ, സീനിയർ സിപിഒ മാരായ അബ്ദുൽ റഷീദ്, അനീസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ബുധനാഴ്ച പുലർച്ചെ 3.30-ഓടെയാണ് വല്ലാത്തായിപ്പാറയിൽ മോഷണശ്രമം നടന്നത്. മുളകുപൊടി എറിയുകയും മാല പിടിച്ചു പറിക്കാൻ ശ്രമിക്കുകയുമായിരുന്നു. സഫിയയുടെ മുഖത്തേക്ക് മുകളുപൊടി വിതറിയെങ്കിലും കണ്ണിൽ പതിക്കാത്തതിനാൽ മോഷ്ടാവിനോട് ചെറുത്തുനിന്നു. ശബ്ദംകേട്ട് കുടുംബാംഗങ്ങൾ എത്തിയതോടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു.