യു.എ. ഖാദർ സംവാദം ശ്രദ്ധേയമായി

യു.എ. ഖാദർ സംവാദം ശ്രദ്ധേയമായി

  • കെ.എസ്.എസ്. പി യു കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടിയിൽ നടന്ന യു.എ. ഖാദറിൻ്റെ കഥാലോകം ചരിത്രം ,ദേശം , മിത്ത് എന്ന സാഹിത്യ സംവാദം ശ്രദ്ധേയമായി

കൊയിലാണ്ടി :കെ.എസ്.എസ്. പി യു കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടിയിൽ നടന്ന യു.എ. ഖാദറിൻ്റെ കഥാലോകം ചരിത്രം ,ദേശം , മിത്ത് എന്ന സാഹിത്യ സംവാദം ശ്രദ്ധേയമായി. യു.എ. ഖാദർ മലയാളം പഠിച്ചതും സാഹിത്യകൃതികൾ വായിച്ച് എഴുത്തുജീവിതത്തിലേക്ക് പ്രവേശിച്ചതും കൊയിലാണ്ടിയിൽ വെച്ചാണ്. യു.എ.ഖാദറിൻ്റെ രചനങ്ങളെ മുൻനിർത്തി ഇങ്ങനെയൊരു സംവാദം കൊയിലാണ്ടിയിൽ ഇത് ആദ്യമായിട്ടാണ്. ബർമ്മക്കാരി മാമൈദിയുടെയും കൊയിലാണ്ടിക്കാരൻ മൊയ്തീൻകുട്ടി ഹാജിയുടെയും മകനായ ഉസങ്കൻ്റകത്ത് അബ്ദുൾ ഖാദർ എന്ന യു.എ. ഖാദർ തൻ്റെ എട്ടാം വയസ്സിലാണ് പിതാവിനൊപ്പം കൊയിലാണ്ടിയിൽ എത്തുന്നത്. മകന് ജന്മം നൽകി മൂന്നാം ദിവസം മാതാവായ മാമൈദി മരണപ്പെട്ടു. താൻ കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ച പച്ചയായ മനുഷ്യരുടെ ജീവിതമാണ് നാട്ടു ഭാഷയുടെ തെളിമയിലൂടെ പുരാവൃത്തങ്ങളുടെ മന്ത്രിക വിസ്മയം കലർത്തി ഖാദർ ആവിഷ്കരിച്ചത്. ഒരു ചരിത്രകാരൻ ഗ്രാമത്തിൻ്റെ ചരിത്രം പറയുന്നതുപോലെയായിരുന്നു ഖാദറിൻ്റെ കഥ പറച്ചിൽ. ഈ വിധത്തിൽ എഴുത്തിൻ്റെ സാമ്പ്രദായിക രൂപത്തിൽ നിന്നും വ്യത്യസ്തമായി പ്രമേയത്തിലും ഭാഷയിലും ആഖ്യാനത്തിലും തൻ്റെതായ ഒരു പുതു വഴി വെട്ടാൻ ഖാദറിന് കഴിഞ്ഞു. തൃക്കോട്ടൂർ പെരുമ, അഘോരശിവം, വായേപാതാളം, ഒരു പിടി വറ്റ് മേശവിളക്ക്, പന്തലായനിയിലേയ്ക്കൊരു യാത്ര തുടങ്ങി നോവൽ, കഥ, ലേഖനം, യാത്രാവിവരണം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി എഴുപതോളം കൃതികൾ അദ്ദേഹം കൈരളിക്കു കാഴ്ചവെച്ചു. ഇതിൽ പ്രധാന കൃതികളെല്ലാം തന്നെ സംവാദത്തിൽ വിശകലന വിധേയമാക്കപ്പെട്ടു. പന്തലായനിയും തൃക്കോട്ടു രുമുൾപ്പെട്ട കുറുമ്പ്രനാടിൻ്റെ പഴയകാല ചരിത്രവും ജീവിതവും ഒരു കണ്ണാടിയിലെന്നപോലെ യു.എ ഖാദറിൻ്റെ കൃതികളിൽ പ്രതിബിംബിക്കുന്നുവെന്ന് സംവാദത്തിന് തുടക്കം കുറിച്ചുകൊണ്ട് ചരിത്രപണ്ഡിതനായ ഡോ. എം. ആർ .രാഘവവാരിയർ പറഞ്ഞു. എഴുത്തുകാനുമായി തനിക്കുള്ള വ്യക്തിബന്ധം കൂടി അദ്ദേഹം സദസ്സുമായി പങ്കുവെച്ചു.

മിത്തുകൾ കൊണ്ട് തൻ്റെ രചനകളിൽ ഒരു മായിക ലോകം സൃഷ്ടിക്കുന്നതിൽ ഖാദർ അതീയായ താല്പര്യം കാട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം സമുദായത്തിൻ്റെയും അധ:സ്ഥിത ജനതയുടെയും ഉന്നമനം ഖാദർ അതിയായി ആഗ്രഹിച്ചിരുന്നുവെന്ന് കന്മന ശ്രീധരൻ അഭിപ്രായപ്പെട്ടു. ചിത്രകാരൻ കൂടിയായ ഖാദർ തൃക്കോട്ടൂരിലെയും പന്തലായനിയിലെയും തീക്ഷ്ണമായ ജീവിതത്തിൻ്റെ വാങ്മയ ചിത്രങ്ങൾ മനോഹരമായി ആവിഷ്ക്കരിക്കുകയും വായേപാതാളം തുടങ്ങിയ കൃതികളിലൂടെ അടിസ്ഥാന വർഗ്ഗത്തിന് പോരാട്ടവീര്യം പകരുകയും ചെയ്തുവെന്ന് യുവനിരൂപകനും കഥാകൃത്തുമായ കെ.വി. ജ്യോതിഷ് പറഞ്ഞു. യു.എ ഖാദറിൻ്റെ ബന്ധുമിത്രാദികളും സുഹൃത്തുക്കളും ഗവേഷകരുമുൾപ്പെടെ നല്ലൊരു സദസ്സ് സംവാദത്തിന് സാക്ഷിയാവുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. ഡോ. മോഹനൻ നടുവത്തൂർ മോഡറേറ്ററായി. കെ. ഭാസ്ക്കരൻ സ്വാഗതവും ടി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു. പ്രോഗ്രാം കോഡിനേറ്റർ ഡോ. എൻ .വി . സദാനന്ദൻ, സി.അപ്പുക്കുട്ടി, ചേനോത്ത് ഭാസ്ക്കരൻ തുടങ്ങിയവർ സംവാദത്തിന് നേതൃത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )