
റബ്ബർമരം മുറിച്ചതിൽ തർക്കം; പരിക്കേറ്റയാൾ മരിച്ചു
- പറമ്പിലേക്കു ചാഞ്ഞ അശോകന്റെ പറമ്പിലെ റബ്ബർമരം ലിജോ ജോസഫ് മുറിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ എത്തിയത്.
തിരുവമ്പാടി: അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. തിരുവമ്പാടി അത്തിപ്പാറ ചിറ്റാനിപ്പാറ അശോകൻ (60) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംഭവവുമായി ബന്ധപ്പെട്ട് അത്തിപ്പാറ വേലിക്കകത്ത ലിജോ ജോസഫി(23)ന്റെ പേരിൽ തിരുവമ്പാടി പോലീസ് കേസെടുത്തു.
ഞായറാഴ്ച വൈകുന്നേരം വീട്ടു പരിസരത്താണ് സംഭവം. പറമ്പിലേക്കു ചാഞ്ഞ അശോകന്റെ പറമ്പിലെ റബ്ബർ മരം ലിജോ ജോസഫ് മുറിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ എത്തിയത്. തുടർന്ന് അശോകൻ ഇത് ചോദ്യംചെയ്തു. വാക്കേറ്റത്തിനിടയിലുണ്ടായ തള്ളലിൽ അശോകന് വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാൽ ആശുപത്രി അധികൃതരെ അശോകൻ അറിയിച്ചിരുന്നത് സ്വയം വീണ് പരിക്കേറ്റതെന്നാണ്.
തർക്കത്തിനിടെ വീടിൻ്റെ ഗേറ്റിൻ്റെ പില്ലറിൽ തലയടിച്ചാണ് പരിക്കേറ്റത് എന്ന് ബന്ധുക്കൾ പറയുന്നു. ബന്ധുക്കളാണ് പോലീസിൽ പരാതി നൽകിയത്. പ്രതിയെ പിടികൂടിയിട്ടില്ല. ശോഭനയാണ് മരിച്ച അശോകൻ്റെ ഭാര്യ. മക്കൾ: അഹല്യ (അധ്യാപിക, ഗവ. യു.പി. സ്കൂൾ, കരുവാരുകുണ്ട്), അർജുൻ (സ്റ്റാഫ്, എസ്എൻ കോളേജ്, തൃശ്ശൂർ). മരുമകൻ: സുനീഷ് (കരുവാരുക്കുണ്ട്).